ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയയും വൈറ്റ് ഹൗസിൽനിന്ന് മടങ്ങുന്നു| Photo: AP|PTI
വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കാത്തുനില്‍ക്കാതെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിനോടു യാത്ര പറഞ്ഞു. എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ഫ്‌ളോറിഡയിലേക്കാണ് അദ്ദേഹം പോകുന്നത്. ബൈഡന്റെ സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് ഫ്‌ളോറിഡയിലെ തന്റെ മാര്‍ ലാഗോ റിസോര്‍ട്ടിലായിരിക്കും ട്രംപ് ഉണ്ടായിരിക്കുക.
തിരികെ വരുമെന്ന പ്രതീക്ഷ പങ്കുവെച്ചായിരുന്നു ട്രംപിന്റെ മടക്കം. ഇക്കഴിഞ്ഞത് അവിശ്വസനീയമായ നാലു വര്‍ഷങ്ങളായിരുന്നു. നാം ഒരുമിച്ച് നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. നിങ്ങള്‍ക്കു വേണ്ടി ഞാന്‍ എന്നും പോരാടും- മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത തന്റെ ജീവനക്കാരോടും അനുയായികളോടുമായി ട്രംപ് പറഞ്ഞു. ട്രംപിന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പുതിയ ഭരണകര്‍ത്താവിന് വലിയ ഭാഗ്യവും വലിയ വിജയവും നേരുന്നതായും ബൈഡന്റെ പേര് പരാമര്‍ശിക്കാതെ ട്രംപ് പറഞ്ഞു. 150-ല്‍ അധികം വര്‍ഷത്തിനിടെ പിന്‍ഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റും ട്രംപ് ആണ്.
ബുധനാഴ്ച രാത്രി 10.30-നാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. അതീവസുരക്ഷയാണ് സത്യപ്രതിജ്ഞാ ചടങ്ങിനോട് അനുബന്ധിച്ച് വാഷിങ്ടണ്‍ ഡി.സിയില്‍ ഒരുക്കിയിട്ടുള്ളത്.
content highlights: donald trump leaves white house
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..