ഡൊണാൾഡ് ട്രംപ് | ഫോട്ടോ: എ.എഫ്.പി.
വാഷിങ്ടൺ: തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ തോല്പിക്കാന് ആവശ്യമായ വോട്ട് എങ്ങനെയെങ്കിലും കണ്ടെത്തണമെന്ന് ഡൊണാൾഡ് ട്രംപ് സ്റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖകൾ പുറത്ത്. ജോർജിയയിലെ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്പെർഗറിനെ ഫോണിൽ വിളിച്ച് തനിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടപെടാന്‍ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.
തനിക്കനുകൂലമായി വോട്ടുകള്‍ കണ്ടെത്തിയില്ലെങ്കില്‍ ഉദ്യോഗസ്ഥർ നടപടികൾ നേരിടേണ്ടിവരുമെന്ന് ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്. വാഷിങ്ടൺ പോസ്റ്റ് ആണ് വിവാദ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടത്.
'ജോർജിയയിലെ ജനങ്ങൾ കുപിതരാണ്. രാജ്യത്തെ ജനങ്ങൾ കുപിതരാണ്. ഈ പറയുന്നതിൽ ഒരു തെറ്റുമില്ല, നിങ്ങൾ വോട്ടുകൾ വീണ്ടും എണ്ണിത്തിട്ടപ്പെടുത്തണം', ട്രംപ് ശബ്ദരേഖയിൽ പറയുന്നു. വോട്ടുകളുടെ എണ്ണം സംബന്ധിച്ച് താങ്കൾക്ക് ലഭ്യമായിരിക്കുന്ന വിവരം തെറ്റാണെന്ന് ബ്രാഡ് റാഫെൻസ്പെർഗർ മറുപടി പറയുന്നതും ശബ്ദരേഖയിൽ കേൾക്കാം.
ജോർജിയയിൽ ബൈഡൻ വിജയിച്ചത് 12,000ൽ അധികം വോട്ടുകൾക്കാണ്. ആവർത്തിച്ചുള്ള വോട്ടെണ്ണലുകൾക്കു ശേഷവും ഈ സംഖ്യയിൽ മാറ്റമുണ്ടായിരുന്നില്ല. വോട്ടെടുപ്പ് സംബന്ധിച്ച് ട്രംപ് ഉന്നയിച്ച ആരോപണങ്ങളൊന്നും സ്ഥിരീകരിക്കപ്പെട്ടുമില്ല.
ബൈഡന്റെ വിജയം യുഎസ് കോൺഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മൂന്നു ദിവസം മുൻപാണ് ഫലത്തിൽ തിരിമറി ആവശ്യപ്പെട്ടുകൊണ്ട് ട്രംപ് ഉദ്യോഗസ്ഥനെ വിളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ട്രംപ് നടത്തിയത് ജനാധിപത്യത്തിന്റെ നിഷേധമാണെന്നും സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് ശക്തമായ വിമർശനമാണ് ഉയർന്നുവരുന്നത്.
Content Highlights:Donald Trump Heard On Tape Urging State Official To "Find" Votes For Him
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..