
യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപ് | Photo: Chris CarlsonAP
ന്യൂയോര്‍ക്ക്: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നോബല്‍ പുസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ആണ് ട്രംപിനെ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തത്. ഇന്ത്യ-പാകിസ്താന് കശ്മീര്‍ തര്‍ക്കത്തിലെ ട്രംപിന്റെ ഇടപെടല്‍ സംബന്ധിച്ചും ടൈബ്രിംഗ് നാമനിര്‍ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിക്കുന്നതായി ക്രിസ്റ്റ്യന്‍ ട്രൈബ്രിംഗ് പറഞ്ഞു. പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്ത മറ്റുള്ള അപേക്ഷകരേക്കാള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം സൃഷ്ടിക്കാന്‍ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ ട്രംപ് ഭരണകൂടം സുപ്രധാന പങ്കുവഹിച്ചെന്നും നാറ്റോ പാര്‍ലമെന്ററി അസംബ്ലിയിലേക്കുള്ള നോര്‍വീജിയന്‍ പ്രതിനിധി സംഘത്തിന്റെ ചെയര്‍മാന്‍കൂടിയായ ടൈബ്രിംഗ് കൂട്ടിച്ചേര്‍ത്തു.
'പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളും യു.എ.ഇയുടെ പാത പിന്തുടരും. യു.എ.ഇ.-ഇസ്രായേല്‍ കരാര്‍ ഒരു വഴിത്തിരിവാകാം. പശ്ചിമേഷ്യയെ അത് സഹകരണത്തിന്റേയും സമൃദ്ധിയുടേയും മേഖലയാക്കി മാറ്റും. ഇന്ത്യ പാകിസ്താന് കശ്മീര്‍ തര്‍ക്കം, ഉത്തര കൊറിയ-ദക്ഷിണ കൊറിയ സംഘര്‍ഷം തുടങ്ങിയ വൈരുദ്ധ്യമുള്ള കക്ഷികള്‍ തമ്മില്‍ സമ്പര്‍ക്കം സുഗമമാക്കുന്നതില്‍ ട്രംപ് സുപ്രധാന പങ്കുവഹിക്കുകയും ചലനാത്മകത സൃഷ്ടിക്കുകയും ചെയ്തു.' നാമനിര്‍ദേശത്തില്‍ നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം കുറിച്ചു.
Content Highlights: Donald Trump has been nominated for the 2021 Nobel Peace Prize
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..