ഡൊണാൾഡ് ട്രംപ് | Photo : AP
വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ് വിട്ടുനില്‍ക്കുമെന്ന് അഭ്യൂഹം. തന്റെ പ്രസിഡന്റ് കാലാവധിയുടെ അവസാന ദിവസം സ്‌കോട്ട്‌ലന്‍ഡിലേക്കുള്ള യാത്രക്കായി ട്രംപ് ഒരുങ്ങുന്നതായാണ് സൂചന. ഔദ്യോഗിക വിമാനത്തിലാവും ട്രംപിന്റെ യാത്ര.
ജനുവരി ഇരുപതിനാണ് ബൈഡന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ടേണ്‍ബെറി ഗോള്‍ഫ് റിസോര്‍ട്ടിന് സമീപത്തുള്ള പ്രെസ്റ്റ്‌വിക്ക് വിമാനത്താവളത്തില്‍ യുഎസ് കരസേനയുടെ ബോയിങ് 757 വിമാനം ജനുവരി പത്തൊന്‍പതിന് എത്തിച്ചേരുമെന്ന് സണ്‍ഡേ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് യാത്രകള്‍ക്ക് സ്ഥിരമായി ഉപയോഗിക്കുന്ന വിമാനമാണിത്. ബൈഡനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യാന്‍ ട്രംപ് കാത്തുനില്‍ക്കാനിടയില്ലെന്നാണ് ലഭ്യമായ വിവരം.
എന്നാല്‍ ട്രംപിന്റെ സ്‌കോട്ട്‌ലന്‍ഡ് യാത്രയെ കുറിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി ആരോപിച്ച് ബൈഡന്റ് വിജയം അംഗീകരിക്കാന്‍ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. ബൈഡനെ തോല്‍പിക്കാനാവശ്യമായ വോട്ട് കണ്ടെത്തണമെന്ന് സ്‌റ്റേറ്റ് സെക്രട്ടറിയോട് ട്രംപ് ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയും ഇതിനിടെ പുറത്തു വന്നിരുന്നു. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാവുമെന്ന് ട്രംപ് നേരത്തെ സൂചന നല്‍കിയിരുന്നു.
പുതിയ പ്രസിഡന്റിനെ എതിരേറ്റ ശേഷം ഔദ്യോഗിക വസതി വിടുകയെന്ന നിലവിലെ രീതിയില്‍ നിന്ന് വ്യതിചലിച്ച് പ്രവര്‍ത്തിക്കാനാണ് ട്രംപിന്റെ നീക്കമെന്നാണ് സൂചന. 1801 ല്‍ ജോണ്‍ ആഡംസ്, 1829 ല്‍ ജോണ്‍ ക്വിന്‍സി ആഡംസ്, 1869 ല്‍ ആന്‍ഡ്രൂ ജോണ്‍സണ്‍ എന്നിവരാണ് ഇതിന് മുമ്പ് തങ്ങളുടെ പിന്‍ഗാമികളെ സ്വാഗതം ചെയ്യാതെ വൈറ്റ് ഹൗസ് വിട്ടിറങ്ങിയവര്‍. 150 വര്‍ഷത്തിന് ശേഷം ഇതാദ്യമാവും തന്റെ പിന്‍ഗാമിയെ എതിരേല്‍ക്കാതെയുള്ള യു.എസ്. പ്രസിഡന്റിന്റെ സ്ഥാനമൊഴിയല്‍.
Content Highlights: Donald Trump could ditch inauguration with Scotland trip
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..