വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍ നടക്കുന്ന സംഭവവികാസങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രാജിവെക്കണമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഫ്ഗാനിലെ താലിബാന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ യുഎസിന് സാധ്യമാകാത്ത സാഹചര്യത്തില്‍ ബൈഡന്‍ രാജി വെക്കുന്നതാണ് നല്ലതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. 

അഫ്ഗാനില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ അത്യന്തം അപമാനകരമാണെന്നും ബൈഡന്‍ രാജിവെക്കുകയാണ് വേണ്ടതെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ട ട്രംപ് യു.എസിലെ കോവിഡ് വ്യാപനത്തിലും ആഭ്യന്തര കുടിയേറ്റത്തിലും സാമ്പത്തിക-ഊര്‍ജ്ജനയങ്ങളില്‍ ബൈഡനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇരുപതോളം കൊല്ലം അഫ്ഗാനില്‍ തുടര്‍ന്ന യു.എസ് സൈന്യം ട്രംപിന്റെ പിന്‍ഗാമിയായി ബൈഡന്‍ എത്തിയതിന് പിന്നാലെയാണ് അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റമുണ്ടായത്‌

2001-ല്‍ യു.എസ്. സഹായത്തോടെയാണ് താലിബാനെ അധികാരത്തില്‍ നിന്ന്‌ പുറത്താക്കിയത്. 2020-ല്‍ ദോഹയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം സേനയെ പിന്‍വലിക്കാമെന്ന് ട്രംപ് താലിബാനുമായി കരാറുണ്ടാക്കിയിരുന്നു. 2021-ല്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാമെന്നായിരുന്നു ഉടമ്പടി. ഇക്കൊല്ലം ആദ്യം ബൈഡന്‍ അധികാരത്തിലേറിയ ശേഷവും സൈനിക പിന്‍മാറ്റത്തിനെതിരെ നടപടികള്‍ ഉണ്ടായില്ല. 2021 മേയ് മാസത്തോടെ യു.എസ്. സൈന്യത്തെ പിന്‍വലിച്ചു. 

ഇതിന് പിന്നാലെയാണ് താലിബാന്‍ അഫ്ഗാനില്‍ വീണ്ടും അധിനിവേശം തുടങ്ങിയത്‌. അധികാരം പൂര്‍ണമായും പിടിച്ചെടുത്തതായും രാജ്യം ഇനി ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്‍ എന്നറിയപ്പെടുമെന്നും താലിബാന്‍ ഞായറാഴ്ച പ്രഖ്യാപിച്ചു. താലിബാന്റെ നീക്കത്തിന് ബൈഡനെ തുടര്‍ച്ചയായി കുറ്റപ്പെടുത്തിയ ട്രംപ് താന്‍ അധികാരത്തില്‍ തുടര്‍ന്നെങ്കില്‍ സൈനിക പിന്‍മാറ്റം വ്യത്യസ്തവും വിജയകരവുമാക്കി തീര്‍ക്കുമായിരുന്നുവെന്ന് പ്രസ്താവിക്കുകയും ചെയ്തു. 

അഫ്ഗാനിസ്താന് വേണ്ടി ബൈഡന്‍ ചെയ്തത് ഐതിഹാസികമാണെന്ന് പരിഹസിച്ച ട്രംപ് അഫ്ഗാനിലെ താലിബാന്‍ അധിനിവേശം യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി കണക്കാക്കപ്പെടുമെന്നും കുറ്റപ്പെടുത്തി. എന്നാല്‍ യു.എസിന്റെ സൈനിക പിന്‍മാറ്റത്തിന് ധാരണയുണ്ടാക്കിയത് ട്രംപായിരുന്നുവെന്നും യു.എസിലെ ഭൂരിഭാഗം ജനങ്ങളും അതിനെ പിന്തുണയ്ക്കുന്നതായും ബൈഡന്‍ ഭരണകൂടം പ്രതികരിച്ചു. 
  

Content Highlights: Donald Trump Calls For Joe Biden To Resign Over Afghanistan Crisis