ഫോട്ടോ: എ.എഫ്.പി.
കൊവിഡ് 19 നേരിടുന്നതില്‍ അമേരിക്കന്‍ ഭരണകൂടം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്നും ഇത് നവ ഉദാരവത്കരണ മുതലാളിത്തത്തിന്റെ ക്രൂരമുഖമാണ് തുറന്നുകാട്ടുന്നതെന്നും പ്രമുഖ ചിന്തകന്‍ നോം ചോംസ്‌കി പറയുന്നു. അമേരിക്കന്‍ വാര്‍ത്താ പ്രസിദ്ധീകരണമായ ട്രൂത്ത്ഔട്ടിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ഭരണകൂടത്തിനും മുതലാളിത്ത വ്യവസ്ഥിതിക്കുമെതിരെ നിശിത വിമര്‍ശമാണ് ചോംസ്‌കി ഉയര്‍ത്തുന്നത്.
കൊവിഡ് 19 മഹാമാരിയുടെ വരവ് നേരത്തെതന്നെ പ്രവചിക്കപ്പെട്ടിരുന്നതാണെന്നും എന്നാല്‍ ഇതിനെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതില്‍ നിന്ന് ഭരണകൂടവും വന്‍കിട കമ്പനികളും പിന്നാക്കം പോയത് ഈ പ്രക്രിയയില്‍ ലാഭം കുറവാണെന്നതു കൊണ്ടായിരുന്നുവെന്നും ചോംസ്‌കി പറഞ്ഞു. കൊവിഡ് 19-നെ നേരിടാന്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ വേണ്ടിവരുമെന്ന് ആരോഗ്യ പരിപാലന വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ, ട്രംപ് ഭരണകൂടം ഇതവഗണിച്ചെന്നും വന്‍കിട കമ്പനികളുടെ ലാഭേച്ഛയ്ക്ക് ട്രംപ് കൂട്ടുനില്‍ക്കുകയായിരുന്നെന്നും ചോംസ്‌കി കുറ്റപ്പെടുത്തി.
''വെന്റിലേറ്ററുകളുടെ ക്ഷാമം ഞെട്ടിപ്പിക്കുന്നതാണ്. ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വ്വീസസ് വകുപ്പ് ഈ പ്രശ്നം മുന്‍കൂട്ടി കണ്ടിരുന്നു. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ചെലവു കുറഞ്ഞ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നതിന് ഒരു ചെറിയ കമ്പനിക്ക് കരാര്‍ നല്‍കുകയും ചെയ്തു. പക്ഷേ, അപ്പോള്‍ ക്യാപിറ്റലിസ്റ്റ് യുക്തി ഇടപെട്ടു. കൊവിഡിയന്‍ എന്ന വലിയൊരു കമ്പനി ഈ ചെറിയ കമ്പനിയെ വിലയ്ക്ക് വാങ്ങി. കൊവിഡിയന്‍ വെന്റിലേറ്റര്‍ പദ്ധതി മരവിപ്പിച്ചു. പദ്ധതി കാര്യമായ ലാഭമുണ്ടാക്കുന്നില്ലെന്നും കരാറില്‍നിന്ന് പുറത്തുകടക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും കമ്പനി ഫെഡറല്‍ ബയോമെഡിക്കല്‍ ഏജന്‍സിയെ അറിയിച്ചു. ചെലവു കുറഞ്ഞ വെന്റിലേറ്ററുകളുടെ നിര്‍മ്മാണം തടസ്സപ്പെടുത്തപ്പെട്ടത് നിര്‍ണ്ണായക പദ്ധതികള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിലെ അപകടമാണ് വ്യക്തമാക്കുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ഇതേക്കുറിച്ച് എഴുതിയത്.''
2003-ല്‍ സാര്‍സ് വന്നപ്പോള്‍ അതിനു കാരണമായ വൈറസിനെ വേഗത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. ഇതിനുള്ള വാക്സിനുകള്‍ വികസിപ്പിക്കുകയും ചെയ്തു. പക്ഷേ, പരിശോധനാഘട്ടം നീണ്ടുപോയി. വന്‍കിട മരുന്ന് നിര്‍മ്മാണ കമ്പനികളുടെ ഉദാസീനതയാണ് ഇതിന് കാരണമായത്. സാര്‍സ് വൈറസ് പുതിയ രൂപത്തില്‍ വന്നേക്കാമെന്നും അതുകൊണ്ടുതന്നെ പ്രതിരോധ മരുന്നുകള്‍ക്കുള്ള പരീക്ഷണത്തില്‍ അലംഭാവമുണ്ടാവരുതെന്നും ആരോഗ്യ പരിപാലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഭാവിയില്‍ എപ്പോഴെങ്കിലും സംഭവിച്ചേക്കാവുന്ന ഒരു വിപത്തിനെ നേരിടാന്‍ വന്‍തോതില്‍ പണം ചെലവഴിക്കുന്നത് ലാഭകരമായ ഏര്‍പ്പാടല്ലെന്നായിരുന്നു മരുന്നു നിര്‍മ്മാണ കമ്പനികളുടെ നിലപാട്.
കൊവിഡ് 19-നെ അതിജീവിക്കാനാവുമെങ്കിലും അതിന് കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കുമെന്ന് ചോംസ്‌കി പറഞ്ഞു. സാധാരണ മനുഷ്യരായിരിക്കും കൂടുതലായും ഈ വില കൊടുക്കേണ്ടി വരിക. ജനവരി ഏഴിന് ചൈന കൊവിഡ് 19-നെക്കുറിച്ച് ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നു. ജനവരിയിലും ഫെബ്രുവരിയിലും കൊറോണയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ട്രംപിനെ ധരിപ്പിക്കാന്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി ശ്രമിച്ചെങ്കിലും അവര്‍ക്കതിന് കഴിഞ്ഞില്ല.
കൊറോണയെ പേടിക്കേണ്ടെന്നും അതൊരു ചുമ മാത്രമാണെന്നുമാണ് ട്രംപ് പറഞ്ഞത്. കൊറോണ വൈറസ് അമേരിക്കയില്‍ പടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഫെബ്രുവരി പത്തിന് പുറത്തുവിട്ട വാര്‍ഷിക ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ ആരോഗ്യ പരിപാലന മേഖലയ്ക്കുള്ള വിഹിതം വലിയ തോതില്‍ വെട്ടിക്കുറയ്ക്കപ്പെടുകയാണ് ഉണ്ടായതെന്ന് ചോംസ്‌കി ചൂണ്ടിക്കാട്ടി. കൊവിഡ് 19 വ്യാപകമായി പരിശോധിക്കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നില്ല എന്നതായിരുന്നു ഇതിന്റെ ഏറ്റവും വലിയ ആഘാതമെന്ന് ചോംസ്‌കി പറഞ്ഞു. അമേരിക്കയിലെ ഏറ്റവും മികച്ച ആസ്പത്രികളില്‍ പോലും ഈ അടിസ്ഥാന ഉപകരണത്തിന്റെ ദൗര്‍ലഭ്യമുണ്ടെന്നതാണവസ്ഥ.
മാര്‍ഗരറ്റ് താച്ചറും റൊണാള്‍ഡ് റീഗനും തുടങ്ങിവെച്ച നവ ഉദാരവത്കരണ നയങ്ങളിലേക്കാണ് ഈ പരാജയത്തിന്റെ വേരുകള്‍ നിളുന്നതെന്ന് ചോംസ്‌കി അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. ആരോഗ്യപരിപാലന മേഖലയുടെ സ്വകാര്യവത്കരണമാണ് ഇപ്പോള്‍ കൊറോണ നേരിടുന്നതില്‍ അമേരിക്കയ്ക്കുണ്ടായിട്ടുള്ള തിരിച്ചടികളുടെ മൂലകാരണമെന്നും ചോംസ്‌കി പറഞ്ഞു.
രണ്ട് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് കാര്യമായ ആശ്വാസം നല്‍കുമെന്ന് കരുതാനാവില്ലെന്ന് ചോംസ്‌കി ചൂണ്ടിക്കാട്ടി. കോര്‍പറേറ്റ് കൊള്ള അവസാനിപ്പിക്കാതെ കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തില്‍ സാധാരണ മനുഷ്യര്‍ക്ക് കരുത്ത് പകരാനാവില്ലെന്ന് ചോംസ്‌കി പറയുന്നു. വന്‍കിട മരുന്നു കമ്പനികള്‍ക്ക് കൂറ്റന്‍ ലാഭം നല്‍കുന്ന സ്വതന്ത്ര വ്യാപാര കരാറുകള്‍ അവസാനിപ്പിക്കണമെന്നും ചോംസ്‌കി ആവശ്യപ്പെടുന്നു.
Content Higlights: Donald Trump and American State is pathetic in controlling Covid 19, says Noam Chomsky
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..