ബാങ്കോക്ക്:  നിങ്ങള്‍ വിഷമിക്കരുത്, ഞങ്ങളിവിടെ സുരക്ഷിതരാണ് , ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല തുടങ്ങി വിശേഷങ്ങളും ആഗ്രഹങ്ങളും പങ്കുവെച്ച് മാതാപിതാക്കള്‍ക്ക് ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ കത്ത്‌.

"എന്നെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ സങ്കടപ്പെടേണ്ട, എനിക്ക് പ്രശ്‌നമൊന്നുമില്ല, ഞാന്‍ തിരിച്ചെത്തിയാല്‍ എനിക്ക് ഫ്രൈഡ് ചിക്കന്‍ വാങ്ങിത്തരണ"മെന്നാണ് ഒരു കുട്ടിയുടെ കത്തിലെ ആവശ്യം. 

"ഇവിടെ എനിക്ക് കുഴപ്പമൊന്നുമില്ല, പക്ഷെ കുറച്ച് തണുപ്പ് അധികമാണ്‌. എന്നാലും സാരമില്ല. എനിക്ക് വേഗം തന്നെ നിങ്ങളുടെ അരികിലെത്തണം, നിങ്ങളെ കാണണം" എന്ന് വേറൊരാള്‍.

ഇങ്ങനെ പോകുന്നു കുട്ടികളുടെ കുറിപ്പുകള്‍. തായ് നാവികസേനയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് കത്തുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളുടെ കോച്ച് തുവാം ഗുവാങ്ങിന്റെ കത്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ കുട്ടികളുടെ മാതാപിതാക്കളോടുള്ള തുവാമിന്റെ ക്ഷമാപണമാണുള്ളത്. 

thai rescue
കടപ്പാട്: തായ് നേവി സീൽ ഫെയ്സ്ബുക്ക് പേജ്

രക്ഷാപ്രവര്‍ത്തകരെ കുട്ടികള്‍ ഏല്‍പ്പിച്ച കത്തുകള്‍ അവര്‍ പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വൈല്‍ഡ് ബോര്‍ സോക്കര്‍ ടീമിലെ അംഗങ്ങളായ കുട്ടികള്‍ പരിശീലനത്തിനായി പോകുമ്പോഴാണ് ഗുഹയില്‍ അകപ്പെട്ടത്‌.

ഒമ്പത് ദിവസമായി ഗുഹയ്ക്കുള്ളില്‍ കഴിയുന്ന കുട്ടികള്‍ ഇപ്പോഴും ധൈര്യം കൈവിട്ടിട്ടില്ലെന്ന് ഈ കുറിപ്പുകള്‍ സൂചന നല്‍കുന്നു. ഇത് കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. 

അതേ സമയം ഗുഹയില്‍ കുടുങ്ങിയവരെ എത്രയും വേഗം രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍.