ഷഹബാസ് ഷെരീഫ് | Photo: facebook.com/ShehbazSharif
ഇസ്ലാമാബാദ്: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെ ആഡംബര കാറുകള്‍ ഇറക്കുമതിചെയ്യാന്‍ പാകിസ്താന്‍. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറ് മാസത്തിനുള്ളില്‍ 2,200 ആഡംബര കാറുകള്‍ ഇറക്കുമതിചെയ്യാനാണ് പാക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിദേശനാണ്യ ശേഖരം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് രാജ്യത്ത് അവശ്യ ഉപഭോഗ വസ്തുക്കളുടെ ഇറക്കുമതിക്ക് ഉള്‍പ്പെടെ കര്‍ശന നിയന്ത്രണം നിലനില്‍ക്കവെയാണ് വിദേശത്തുനിന്ന് ആഡംബര കാറുകള്‍ ഇറക്കുമതിചെയ്യാന്‍ പാകിസ്താന്‍ അനുമതി നല്‍കിയത്.
കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ എക്‌സൈസ് ഡ്യൂട്ടി, നികുതി എന്നിവ വഴി ഖജനാവിലേക്കെത്തുന്ന പണം ലക്ഷ്യമിട്ടാണ് പാകിസ്താന്റെ നീക്കം. കാറുകള്‍ ഇറക്കുമതിചെയ്യുന്നതുവഴി കോടികള്‍ വിദേശത്തേക്ക് ഒഴുകുമെങ്കിലും നികുതി ഇനത്തില്‍ ഏകദേശം 200 കോടി രൂപ ഖജനാവിലേക്ക് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
സാമ്പത്തിക പ്രതിസന്ധി മൂലം നിയന്ത്രണം കടുപ്പിച്ചതിനാല്‍ അടുത്തിടെ പാകിസ്താനിലെ വിവിധ തുഖമുഖങ്ങളിലെത്തിയ 8500 കണ്ടെയ്‌നറുകളില്‍ 95 ശതമാനവും കുടുങ്ങിക്കിടക്കുകയാണ്. അവശ്യ ഉപഭോക്തൃ വസ്തുക്കള്‍ക്ക് പുറമേ വ്യാവസായിക ഉത്പന്നങ്ങളും മരുന്നുകളുമാണ് ഇതിലുള്ളത്. ഇവ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കാന്‍ വൈകുന്നതിനിടെയാണ് അഡംബര കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ പാക് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറ് മാസത്തില്‍ 193 ആഡംബര കാറുകള്‍ പാകിസ്താനില്‍ ഇറക്കുമതിചെയ്തിരുന്നു. 2022 ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 164 ഇലക്ട്രിക് വാഹനങ്ങളും ഇറക്കുമതിചെയ്തു. മൂന്ന് വര്‍ഷം പഴക്കമുള്ള ആഡംബര വാഹനങ്ങളുടെ ഇറക്കുമതിയിലും പാകിസ്താനില്‍ വലിയ വര്‍ധനവാണ്. ഏകദേശം 1,900 വാഹനങ്ങള്‍ 2022 ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇറക്കുമതിചെയ്തു. പ്രവാസികളായ പാകിസ്താന്‍കാര്‍ക്കാണ് ഇറക്കുമതിക്ക് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് പണം നല്‍കി വന്‍കിട ഇറക്കുമതിക്കാര്‍ ഈ സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഡോളറിനെതിരേ പാക് കറന്‍സിയുടെ മൂല്യം കഴിഞ്ഞ ദിവസം 255 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്താനില്‍ ഭക്ഷ്യസാധനങ്ങളുടെ വിലയും കുത്തനെ വര്‍ധിക്കുകയാണ്. രാജ്യത്തെ ചിലയിടങ്ങളില്‍ ഒരുകിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് വില. ഭക്ഷണത്തിനായി ജനങ്ങള്‍ തമ്മിലടിക്കുന്നതിന്റെയും ഭക്ഷണവുമായി പോകുന്ന ട്രക്കുകള്‍ക്ക് പിന്നാലെ പായുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയോട് പാക് സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
Content Highlights: Dollar-Deprived Pakistan Government Allows Import of 2200 Luxury Cars, Here's Why
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..