മുന്‍ അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ കളിക്കാരന്‍ റെക്‌സ് ചാപ്മാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെള്ളിയാഴ്ച പങ്കുവെച്ച വീഡിയോ മണിക്കൂറുകള്‍ക്കകമാണ് ഓണ്‍ലൈന്‍ ലോകം ഏറ്റെടുത്തത്. ഒരു പക്കാ സ്‌പോര്‍ട്‌സ്മാന്റെ വീഡിയോ സൂപ്പര്‍ഹിറ്റായതില്‍ അദ്ഭുതപ്പെടേണ്ട ആവശ്യമില്ല.  

സ്‌പോര്‍ട്‌സ്മാനല്ല സ്‌പോര്‍ട്‌സ്‌ബോയ് എന്ന് വീഡിയോയിലെ നായകനെ വിളിക്കണം. കാരണം വീഡിയോയ്‌ക്കൊപ്പം ചാപ്മാന്‍ കുറിച്ചത് സ്‌കേറ്റര്‍ ഗുഡ് ബോയ് എന്നാണ്. സ്‌കേറ്റര്‍ ബോര്‍ഡില്‍ നാല് കാലും അമര്‍ത്തിപ്പിടിച്ച് നിന്ന് റോഡിലൂടെ കൂളായി പോകുന്ന ഒരു ബുള്‍ഡോഗിന്റെ വീഡിയോയാണ് ചാപ്മാന്‍ ഷെയര്‍ ചെയ്തത്. 

36 സെക്കന്‍ഡ് നീളുന്ന വീഡിയോയില്‍ റോഡിലെ വളവുകളും തിരിവുകളുമെല്ലാം സ്‌കേറ്റര്‍ ബോര്‍ഡില്‍ തന്നെ വിദഗ്ധമായി താണ്ടുന്ന നായയെയും നായയെ അദ്ഭുതത്തോടെ റോഡിനിരുവശത്തും നോക്കി നില്‍ക്കുന്ന ആളുകളെയും കാണാം. ഇടയ്ക്ക് സ്‌കേറ്റര്‍ ബോര്‍ഡില്‍ നിന്ന് താഴേക്ക് ഇറങ്ങുന്നുണ്ടെങ്കിലും നായ തിരികെ ബോര്‍ഡില്‍ കയറി വീണ്ടും പോകുന്നത് നമ്മെ അമ്പരിപ്പിക്കും. 

വീഡിയോ ഇതിനകംതന്നെ 5,85,000 ത്തോളം പേര്‍ കണ്ടു കഴിഞ്ഞു. പതിനായിരത്തിലധികം പേര്‍ വാല്‍സല്യത്തോടെയും അദ്ഭുതത്തോടെയും പ്രതികരിച്ചു. രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. വീഡിയോ കണ്ട് കാമുകിയെ മറന്നു എന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍ നായയുടെ നാവ് കാറ്റിലിളകുന്നത് വളരെ ഇഷ്ടമായി എന്നായി മറ്റൊരാളുടെ കമന്റ്. 

Content Highlights: Dog skateboards on a street in super viral video