തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഷിൻസോ ആബെ പ്രസംഗിക്കുന്നു | ഫോട്ടോ: എ.പി.
ടോക്യോ: അക്രമിയുടെ വെടിയേറ്റ ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ രക്ഷിക്കാന്‍ ഡോക്ടമാര്‍ ശ്രമിച്ചത് ഏകദേശം അഞ്ചുമണിക്കൂറോളം. എന്നാല്‍ ഹൃദയം തുളച്ചുകയറിയ വെടിയുണ്ടകളിലൊന്ന് അദ്ദേഹത്തിന്റെ ജീവനെടുക്കുകയായിരുന്നു. പടിഞ്ഞാറന്‍ ജപ്പാനിലെ നാര നഗരത്തില്‍ ജപ്പാന്‍ സമയം രാവിലെ 11.30 ഓടെയാണ് ആബെയ്ക്കു നേര്‍ക്ക് ആക്രമണമുണ്ടായത്.
തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പ്രസംഗിക്കുകയായിരുന്നു ആബെ. ഈ സമയം പിന്നിലൂടെയെത്തിയ അക്രമി 67-കാരനായ ആബെയ്ക്കു നേര്‍ക്ക് രണ്ടുവട്ടമാണ് നിറയൊഴിച്ചത്. 12.20-നാണ് അദ്ദേഹത്തെ നാര മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചത്. എത്തിക്കുമ്പോള്‍ ഹൃദയസ്തംഭനം സംഭവിച്ച നിലയിലായിരുന്നു ആബെയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്തം കയറ്റുന്നത് ഉള്‍പ്പെടെയുള്ള പരിചരണം ആബെയ്ക്ക് നല്‍കിയിരുന്നു.
അക്രമി സ്വന്തമായി നിര്‍മിച്ച തോക്ക് ഉപയോഗിച്ചാണ് ആബെയ്ക്കു നേര്‍ക്ക് വെടിയുതിര്‍ത്തത്. രണ്ടു വെടിയുണ്ടകളില്‍ ഒന്ന് ആബെയുടെ ഹൃദയം തുളച്ചുകയറിയപ്പോള്‍ രണ്ടാമത്തേത് അദ്ദേഹത്തിന്റെ മുറിവിനെ ഗുരുതരമാക്കുകയും ചെയ്തു. വൈകുന്നേരം 5.03- ഓടെയാണ് ആബെ മരിച്ചത്.
നാല്‍പ്പത്തൊന്നുകാരനും മുന്‍നാവികോദ്യോഗസ്ഥനുമായ തെത്‌സുയ യമഗാമി എന്നയാളാണ് ആബെയ്ക്കു നേര്‍ക്ക് വെടിയുതിര്‍ത്തത്. ആബെയോട് അതൃപ്തിയുണ്ടായിരുന്നെന്നും അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നെന്നും യമഗാമി പിന്നീട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എന്‍.എച്ച്.കെ. റിപ്പോര്‍ട്ട് ചെയ്തു.
അന്വേഷണസംഘം പിന്നീട് യമഗാമിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. ജപ്പാന്റെ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സില്‍ 2005-വരെ യമഗാമി സേവനം അനുഷ്ഠിച്ചിരുന്നെന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നില്ല. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ യമഗാമിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.
Content Highlights: doctors tried to save shinzo abe for five hours
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..