ക്യുബെക് സിറ്റി: സമരങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം സുപരിചിതമായ കാര്യമാണ്. അവകാശങ്ങള്‍ക്കുവേണ്ടിയും മികച്ച വേതനത്തിനു വേണ്ടിയും തൊഴില്‍ സുരക്ഷയ്ക്കുവേണ്ടിയും ബസ് ചാര്‍ജ് വര്‍ധനയ്ക്കുവേണ്ടിയുമെല്ലാം നാനാതരത്തിലുള്ള സമരങ്ങള്‍ നടക്കുന്ന നാടാണ് നമ്മുടേത്. സമരം ചെയ്യുന്നവര്‍ എപ്പോഴും സ്വന്തം ആവശ്യങ്ങളാണ് ഉയര്‍ത്തിപ്പിടിക്കാറ്. എന്നാല്‍ കാനഡയില്‍ നടക്കുന്ന സമരം വ്യത്യസ്തമാണ്.

കാനഡയിലെ ക്യുബെക്കിലുള്ള ഒരു വിഭാഗം ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് തങ്ങളുടെ ശമ്പളം അമിതമായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയാണ്. അമിതമായി ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് ഡോക്ടര്‍മാര്‍ ഒപ്പിട്ട പരാതിയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണിത്. ഫെബ്രുവരി 25 മുതല്‍ ഇവര്‍ ഒപ്പുശേഖരണവും നടത്തിവരികയാണ്. നൂറുകണക്കിന് ഡോക്ടര്‍മാരാണ് ഇതില്‍ പങ്കാളികളായതെന്നാണ് റിപ്പോര്‍ട്ട്.

ശമ്പള വര്‍ധനയല്ല, മികച്ച ആരോഗ്യ സംവിധനമാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാരുടെ സമരം. ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ വര്‍ധന വരുത്തുന്നതിനായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്ന 70 കോടി ഡോളര്‍, നഴ്‌സുമാര്‍ക്കും ആരോഗ്യരംഗവുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ശമ്പളവര്‍ധനയ്ക്കായി ഉപയോഗിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. 

നഴ്‌സുമാര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും വളരെ ബുദ്ധിമുട്ടേറിയ തൊഴില്‍ സാഹചര്യമാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ സഹായം വെട്ടിക്കുറച്ചതിനാല്‍ രോഗികള്‍ക്കും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചത് തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

ക്യുബെക്കിലെ പതിനായിരത്തോളം വരുന്ന ഡോക്ടര്‍മാരുടെ പ്രതിവര്‍ഷ ശമ്പളത്തില്‍ 1.4 ശതമാനത്തിന്റെ വര്‍ധനവ് വരുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ച് 403,537 ഡോളറാണ് ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ ഒരു വര്‍ഷം വര്‍ധനയുണ്ടാവുക. 

ഡോക്ടര്‍മാര്‍ക്ക് ഇത്രയും ശമ്പളം വേണ്ടെങ്കില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നാണ് ക്യുബെക് ആരോഗ്യ മന്ത്രി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഭൂരിപക്ഷം ഡോക്ടര്‍മാരും ഈ ആവശ്യത്തെ പിന്തുണക്കേണ്ടതുണ്ടെന്നും മന്ത്രി പറയുന്നു.

ഡോക്ടര്‍മാര്‍ക്ക് മികച്ച പ്രതിഫലമാണ് ലഭിക്കുന്നതെങ്കിലും നഴ്‌സുമാര്‍ അടക്കമുള്ള മറ്റു ജീവനക്കാര്‍ക്ക് കടുത്ത ജോലിഭാരവും കുറഞ്ഞ ശമ്പളവും എന്ന സ്ഥിതിയാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളുയര്‍ന്നെങ്കിലും പരിഹാരമുണ്ടായില്ലെന്നും ആരോപണമുണ്ട്. എമിലി റികാര്‍ഡ് എന്ന നഴ്‌സ് ഈ അവസ്ഥ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ദിവസവും ഒരു നഴ്‌സിന് 70 രോഗികളെ വരെ പരിചരിക്കേണ്ട അവസ്ഥയാണെന്നും ആരോഗ്യ പരിപാലന സംവിധാനം തകര്‍ച്ചയെ നേരിടുകയാണെന്നും അവര്‍ വീഡിയോയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.