മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവും വ്‌ളാഡിമിര്‍ പുടിന്റെ മുഖ്യ വിമര്‍ശനകനുമായ അലക്‌സി  നവാല്‍നിയെ ചികിത്സിച്ച ഡോക്ടറെ കാണാനില്ലെന്ന് പോലീസ്‌. അലക്‌സാണ്ടര്‍ മുറഖോവ്‌സ്‌കി  എന്ന സൈബീരിയന്‍ ഡോക്ടറെയാണ് കാണാതായത്.

വെള്ളിയാഴ്ച വാഹനത്തില്‍ കാട്ടില്‍  വേട്ടയാടാന്‍ പോയ അലക്‌സാണ്ടറെക്കുറിച്ച് പിന്നീട് യാതൊരുവിവരവുമില്ലെന്ന് പോലീസ് പറയുന്നു. മോസ്‌കോയില്‍ നിന്ന് 2,200 കിലോമീറ്റര്‍ അകലെയുള്ള ഓംസ്‌ക് മേഖലയിലെ പോലീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 

സന്നദ്ധ പ്രവര്‍ത്തകര്‍ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നു.

സൈബീരിയയില്‍ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ച് അലക്‌സി നവാല്‍നി കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ  വിമാനം അടിയന്തിരമായി തിരിച്ചിറക്കി അദ്ദേഹത്തെ ഓംസ്‌കിലെ ആശുപത്രിയിലേക്ക് മാറ്റി.

ഈ ആശുപത്രിയില്‍ നവാല്‍നിയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ സംഘത്തിന്റെ തലവനായിരുന്നു കാണാതായ മുറഖോവ്‌സ്‌കി.  ആദ്യം നവോല്‍നിയെ അലക്‌സാണ്ടറുടെ നേതൃത്വത്തില്‍  ചികിത്സിച്ചിരുന്നുവെങ്കിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് മാറ്റുകയായിരുന്നു. 

വിദഗ്ദ്ധ പരിശോധനയില്‍ അലക്‌സിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു. ഇതോടെ അലക്‌സിയ്‌ക്കെതിരെ നടന്നത് കൊലപാതക ശ്രമമാണെന്ന് വ്യക്തമായിരുന്നു. കോമയിലായിരുന്ന അലക്‌സി നീണ്ട നാളത്തെ ചികിത്സയ്‌ക്കൊടുവിലാണ് ആരോഗ്യം വീണ്ടെടുത്തത്. 

Content Highlight: Doctor who treated Alexei  Navalny Goes Missing