ആക്രമണം നടന്ന കാബൂളിലെ കെട്ടിടം, അൽ-സവാഹിരി. photo: RagexNews, AFP
'നീതി നടപ്പായി, ആ ഭീകര നേതാവ് ഇനിയില്ല. തീവ്രവാദത്തിനെതിരേ നടത്തിയ പോരാട്ടം വിജയം കണ്ടു', അല്‍ ഖ്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരിയെ വധിച്ചുവെന്ന കാര്യം സ്ഥിരീകരിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞ വാക്കുകളാണിത്. അമേരിക്കയെ ഞെട്ടിച്ച 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരനില്‍ ഒരാളായ സവാഹിരിയെ നീണ്ട 21 വര്‍ഷത്തെ തിരച്ചിലിനൊടുവിലാണ് യുഎസ് സേനയ്ക്ക് വധിക്കാനായത്. 2011ല്‍ ഉസാമ ബിന്‍ ലാദന്റെ വധത്തിന് ശേഷം അല്‍ ഖ്വയ്ദ ഗ്രൂപ്പിനേറ്റ ഏറ്റവും വലിയ പ്രഹരമാണിത്. ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇരുനേതാക്കളേയും കൃത്യമായ ആസൂത്രണത്തിലൂടെയാണ് യു.എസ് വകവരുത്തിയത്.
രഹസ്യ ഓപ്പറേഷന്, ലക്ഷ്യം സവാഹിരി മാത്രം
അതീവ രഹസ്യ ഓപ്പറേഷനില്‍ ഡ്രോണ്‍ വഴി തൊടുത്തുവിട്ട രണ്ട് മിസൈലാണ് സവാഹിരിയുടെ ജീവനെടുത്തത്. സവാഹിരി ഒളിച്ചുതാമസിച്ച കാബൂളിലെ വീട്ടിനുള്ളില്‍ മിസൈല്‍ പതിച്ചെങ്കിലും കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. കെട്ടിടത്തിന് മുകള്‍ നിലയിലെ ജനലുകള്‍ തകര്‍ന്നതായി ചിത്രങ്ങളില്‍ കാണാം. എന്നാല്‍ തൊട്ടടുത്തുള്ള മറ്റു ജനല്ച്ചില്ലുകള്ക്കോ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കോ യാതൊരു കേടുപാടുകളും വന്നിട്ടില്ല. സവാഹിരിക്കൊപ്പം ആ സമയം വീട്ടിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടില്ല. ഇക്കാര്യം അമേരിക്ക സ്ഥിരീകരിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ പുറത്തുവന്ന ചിത്രങ്ങളിലും സ്ഫോടനം നടന്നതിന്റെ യാതൊരു ലക്ഷണവുമില്ല. ഇതോടെ ആക്രമണത്തിന് അമേരിക്കന്‍ ചാര സംഘടനയായ സിഐഎ രഹസ്യ ആയുധമാണോ ഉപയോഗിച്ചതെന്ന സംശയമാണ് ഉയരുന്നത്.
പ്രഹരശേഷി കുറവാണെങ്കിവും കൃത്യമായി ലക്ഷ്യത്തിലെത്തുന്ന ഹെല്‍ഫയര്‍ ആര്9എക്സ് മിസൈലാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്നാണ് സൂചന. സ്ഫോടനമില്ലാതെ തന്നെ എതിരാളിയെ വകവരുത്താവുന്ന രഹസ്യ മിസൈലാണിത്. റേസര്‍ പോലുള്ള ആറു ബ്ലോഡുകളുള്ള ഈ മിസൈല്‍ ലക്ഷ്യസ്ഥാനത്തെത്തി മൂര്‍ച്ചയേറിയ ആയുധമായി ചിതറിത്തെറിക്കും. 2017 മാര്‍ച്ചില്‍ അല്‍ ഖ്വയ്ദ നേതാവ് അബു അല്‍-മസ്റിയെ കൊലപ്പെടുത്താന്‍ യുഎസ് സേന തൊടുത്തുവിട്ടതും ഇതേ മിസൈലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയിലൂടെ കാറില്‍ സഞ്ചരിക്കവെ അമേരിക്കന്‍ സേന നടത്തിയ മിസൈല്‍ ആക്രമണത്തിലായിരുന്നു അല്‍-മസ്റി കൊല്ലപ്പെട്ടത്.
അന്നു നടന്ന ആക്രമണത്തിലും സ്ഫോടനം നടന്നിരുന്നില്ല. കാറിന്റെ റൂഫ്ടോപ്പില് വലിയൊരു തുള മാത്രമായിരുന്നു ആക്രമണത്തിന് പിന്നാലെ പുറത്തുവന്ന ചിത്രങ്ങളില്‍ ദൃശ്യമായത്. കാറിനുള്ളിലെ ലോഹ ഭാഗങ്ങളും യാത്രക്കാരും ഛിന്നിച്ചിതറിയ നിലയിലായിരുന്നു. എന്നാല്‍ വാഹനത്തിന്റെ മുന്‍ ഭാഗത്തോ പിന്നിലോ കേടുപാടുകളും സംഭവിച്ചിരുന്നില്ല. ഇതോടെ ഹെല്‍ഫയര്‍ മിസൈലാണ് യുഎസ് ഉപയോഗിച്ചതെന്ന സംശയങ്ങള്‍ ബലപ്പെട്ടു. എന്നാല്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഹെല്‍ഫയര്‍ ആര്9എക്സ് മിസൈലാണെന്ന് പെന്റഗണോ സിഐഎയോ ഇതേവരെ പരസ്യമായി അംഗീകരിച്ചിട്ടില്ല.
ഡ്രോണ്‍ വഴി ഹെല്‍ഫയര്‍ മിസൈല്‍ ഉപയോഗിച്ച് മുമ്പും നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അവയിലെല്ലാം വലിയ പ്രഹരശേഷിയുള്ള സ്ഫോടനം നടന്നിരുന്നു. എന്നാല്‍ 2017ല്‍ യുഎസ് സിറിയയില്‍ നടത്തിയ ഓപ്പറേഷനോടെയാണ് സ്ഫോടനമില്ലാത്ത ലക്ഷ്യം നിറവേറ്റുന്ന ആര്9എക്സ് വെല്‍ഫയര്‍ മിസൈലുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതേ രഹസ്യ ആയുധമാണ് സവാഹിരിക്കെതിരേയും ഉപയോഗിച്ചത്. സിവിലിയന്‍ അപകടങ്ങള്‍ ഒഴിവാക്കിക്കൊണ്ട് തീവ്രവാദ ഗ്രൂപ്പുകളുടെ നേതാക്കളെ കൊല്ലുന്നതിനുള്ള അമേരിക്കയുടെ ആയുധമായി ഇത് മാറിക്കഴിഞ്ഞു. ninja bomb എന്നും ഇതിന് വിളിപ്പേരുണ്ട്. ഫ്ളൈയിങ് ജിന്‍സു എന്ന ഓമനപ്പേരും ഈ ഹെല്‍ഫയര്‍ മിസൈലിനുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട തിരച്ചില്‍, കൃത്യമായ ആസൂത്രണം
ജൂലായ് 31ന് സവാഹിരി വീട്ടിലെ ബാല്‍ക്കണിയില്‍ തനിച്ച് നില്‍ക്കുമ്പോഴാണ് ആക്രമണം നടത്തിയതെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. 21 വര്‍ഷത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് സവാഹിരിയുടെ ഒളിത്താവളം അമേരിക്ക കണ്ടെത്തിയത്. ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെ വിവിധ ഒളിത്താവളങ്ങളിലാണ് സവാഹിരി കഴിച്ചുകൂട്ടിയത്. അത്യധികം ക്ഷമയോടും നിരന്തരവുമായ പരിശ്രമത്തിനൊടുവിലാണ് കാബൂളിലെ ഒളിത്താവളം കണ്ടെത്തി രഹസ്യ സൈനികനീക്കത്തിലൂടെ സവാഹിരിയെ വധിച്ചത്. പാകിസ്താനിലെ ആദിവാസി മേഖലകളിലോ അഫ്ഗാനിസ്താനിലെ ഉള്‍പ്രദേശങ്ങളില്‍ ആകാം സവാഹിരിയുടെ ഒളിത്താവളമെന്ന റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്.
അഫ്ഗാനില്‍ വര്‍ഷങ്ങളായി, സവാഹിരിയെ പിന്തുണയ്ക്കുന്ന ശൃംഖലയെക്കുറിച്ച് അമേരിക്കയ്ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നാണ് യുഎസ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം അഫ്ഗാനില്‍ നിന്ന് യുഎസ് സേന പിന്‍വാങ്ങിയെങ്കിലും അല്‍ ഖ്വയ്ദയുടെ സാന്നിധ്യം സംബന്ധിച്ച കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി നിരീക്ഷിച്ചിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ സവാഹിരിയുടെ ഭാര്യയും മക്കളും കാബൂളിലെ സുരക്ഷിതമായ ഇടത്തേക്ക് താമസം മാറിയതായുള്ള വിവരം യുഎസിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സവാഹിരിയും ഇവിടെയുണ്ടെന്ന സൂചന ലഭിച്ചത്. തുടര്‍ന്ന് മാസങ്ങളോളം നിരീക്ഷിച്ച് വീട്ടിലുള്ളത് സവാഹിരിയാണെന്ന് സ്ഥിരീകരിച്ചു. ഏപ്രിലോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇക്കാര്യം പ്രസിഡന്റ് ജോ ബൈഡനെ ധരിപ്പിച്ചു. ആക്രമണത്തിന് ബൈഡന് അനുമതി നല്‍കിയതോടെ അതിവേഗത്തില്‍ നീങ്ങിയ സൈന്യം ജൂലായ് 31ന് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി.
2021 ഓഗസ്റ്റിലെ യുഎസ് പിന്മാറ്റത്തിന് ശേഷം അഫ്ഗാന് താലിബന്റെ നിയന്ത്രണത്തിലായ ശേഷം അവിടെ യുഎസ് നടത്തുന്ന ആദ്യ ആക്രണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടതെന്ന പ്രത്യേകയുണ്ട്. ഉസാമ ബിന്‍ ലാദിന്റെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്ന സവാഹരി 2011ല്‍ ലാദനെ യുഎസ് കൊലപ്പെടുത്തിയതിന് ശേഷമാണ് അല്‍ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്തത്.
കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് മുമ്പും
നേത്രരോഗ വിദഗ്ദ്ധനായിരുന്ന സവാഹിരി ഈജിപ്തില്‍ ഡോക്ടറായി പ്രവര്‍ത്തിക്കുന്നതിനിടെ ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലിലായത്. ജയില്‍ മോചിതനായി രാജ്യംവിട്ട് അഫ്ഗാനിസ്താനില്‍ എത്തുകയും ഭീകര പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയുമായിരുന്നു. ബിന്‍ ലാദന്റെ പേഴ്സണല്‍ ഡോക്ടറായും പിന്നീട് വിശ്വസ്തനായും സവാഹിരി മാറി.
.jpg?$p=7c8309d&w=610&q=0.8)
നേരത്തെ 2020 നവംബറില്‍ സവാഹിരി കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം 2021 സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ സവാഹിരിയുടെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നു. ഇതോടെ സവാഹിരി ജീവനോടെയുണ്ടെന്ന് സ്ഥിരീകരണമായി. ഇതിനുപിന്നാലെയാണ് സവാഹിരിയെ കണ്ടെത്തി വകവരുത്താനുള്ള നീക്കങ്ങള്‍ അമേരിക്ക ശക്തമാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..