പ്രതീകാത്മക ചിത്രം | Photo:PTI
ജനീവ: അതിതീവ്ര വ്യാപനശേഷിയുളള കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇതില്‍ 11 രാജ്യങ്ങളില്‍ വകഭേദം സ്ഥിരീകരിച്ചത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുളളിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നത് സ്ഥിരീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
വൈറസിന്റെ ആല്‍ഫാ വകഭേദം ലോകത്തെ 170 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്. ഗാമ വകഭേദം 71 രാജ്യങ്ങളിലും ഡെല്‍റ്റ 85 രാജ്യങ്ങളിലും സ്ഥിരീകരിച്ചു. ആല്‍ഫയേക്കാള്‍ വ്യാപനശേഷി വര്‍ധിച്ച വൈറസ് വകഭേദമാണ് ഡെല്‍റ്റ. നിലവിലെ പ്രവണത തുടരുകയാണെങ്കില്‍ ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി ഡെല്‍റ്റ മാറാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നീ വകഭേദങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടന ജൂണ്‍ 22-ന് പുറത്തിറക്കിയ കോവിഡ് 19 വീക്ക്‌ലി എപ്പിഡെമിയോളജിക്കല്‍ അപ്‌ഡേറ്റില്‍ പറയുന്നു. ഡെല്‍റ്റ വകഭേദം ബാധിക്കുന്നവര്‍ക്ക് മറ്റു കോവിഡ് രോഗികളെ അപേക്ഷിച്ച് ഓക്‌സിജന്‍ ആവശ്യം വരുന്നുണ്ടെന്നും, ഇവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നതായും മരണം കൂടുതലാണെന്നും സിങ്കപ്പൂരില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നുണ്ട്. ജപ്പാനില്‍ നടത്തിയ പഠനത്തിലും ആല്‍ഫാ വകഭേദത്തേക്കാള്‍ ഡെല്‍റ്റാവകഭേദം വേഗത്തില്‍ വ്യാപിക്കുന്നതായി പറയുന്നുണ്ട്.
ഈ അപ്‌ഡേറ്റ് പ്രകാരം കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതല്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്. 4,44,976 പുതിയ കേസുകളാണ് കഴിഞ്ഞ ആഴ്ചമാത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തൊട്ടുമുന്നത്തെ ആഴ്ചയിലെ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ ആഴ്ച കേസുകളുടെ എണ്ണത്തില്‍ 30 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുളളത്.
അതേ സമയം ഇന്ത്യയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച കോവിഡ് രോഗി മരിച്ചതായുളള റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് സംഭവം. മധ്യപ്രദേശില്‍ അഞ്ചുപേര്‍ക്കാണ് ഡെല്‍റ്റ് പ്ലസ് വകഭേദം സ്ഥിരീകരിച്ചിരുന്നത്. ഭോപ്പാലില്‍ നിന്നുള്ള മൂന്നുപേര്‍ക്കും ഉജ്ജെയിനില്‍ നിന്നുളള രണ്ടുപേര്‍ക്കുമായിരുന്നു വൈറസ് ബാധ. ഇവരില്‍ നാലുപേര്‍ക്ക് രോഗം ഭേദമായി. ഒരാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
എന്താണ് ഡെല്‍റ്റ പ്ലസ് ?
അതിവേഗ വ്യാപനശേഷിയുണ്ടെന്ന് കരുതുന്ന ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച 30 കേസുകളാണ് രാജ്യത്ത് ബുധനാഴ്ച സ്ഥിരീകരിച്ചത്. വ്യാപനശേഷി കൂടുതലായതിനാല്‍ തന്നെ കേന്ദ്രമന്ത്രാലയം സംസ്ഥാനങ്ങളോട് പരിശോധനാനിരക്ക് വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡെല്‍റ്റ പ്ലസ് വകഭേദമായ ബി.1.617.2.1 ഡെല്‍റ്റ വകഭേദത്തോട് വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന വകഭേദമാണ് ഡെല്‍റ്റ പ്ലസ്. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിന് കാരണമായത് ഡെല്‍റ്റ വകഭേദമായിരുന്നു.
ഡെല്‍റ്റ വകഭേദത്തെ പോലെ ഡെല്‍റ്റ പ്ലസ് വകഭേദത്തിനും ആര്‍എന്‍എ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്‍ ഭാഗത്താണ് വ്യതിയാനം ഉണ്ടായിട്ടുളളത്. അതാണ് ഡെല്‍റ്റ പ്ലസിനെ കൂടുതല്‍ വ്യാപനശേഷിയുളളതായി മാറ്റുന്നത്.
യൂറോപ്പില്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പേരു വന്ന വഴി
ഗ്രീക്ക് അക്ഷരമാലയുടെ ക്രമത്തിലാണ് കോവിഡ് വൈറസ് വകഭേദത്തെ ലോകാരോഗ്യ സംഘടന ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. ആല്‍ഫയില്‍ തുടങ്ങി ഒമേഗയില്‍ അവസാനിക്കുന്ന 24 അക്ഷരങ്ങളാണ് ഗ്രീക്ക് അക്ഷരമാലയില്‍ ഉള്ളത്. ആല്‍ഫ, ബീറ്റ, ഗാമ എന്നിവ കഴിഞ്ഞാല്‍ ഡെല്‍റ്റ എന്ന അക്ഷരത്തിന് നാലാം സ്ഥാനമാണുള്ളത്.
നേരത്തേ ഗവേഷകരും മാധ്യമങ്ങളും പുതിയ വകഭേദം ഉണ്ടാവുമ്പോള്‍ അത് പൊട്ടിപ്പുറപ്പെട്ട രാജ്യത്തിന്റെ പേരാണ് ഈ വൈറസ് വകഭേദത്തിനു നല്‍കിയിരുന്നത്. പിന്നീട് വിവിധ രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പുതുതായി ഉണ്ടാവുന്ന വകഭേദങ്ങള്‍ക്ക് ഗ്രീക്ക് അക്ഷരമാല ക്രമത്തില്‍ പേരു നല്‍കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിക്കുകയായിരുന്നു.
Content Highlights:Delta variant reported in 85 countries: WHO
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..