
Image: AP
ലോസ് ആഞ്ജലിസ്: അടിയന്തര ലാന്‍ഡിങ്ങിനായി വിമാനത്തിന്റെ ഇന്ധനം പുറത്തുവിട്ടപ്പോള്‍ പതിച്ചത് സ്കൂളുകള്‍ക്ക് സമീപം. അന്തരീക്ഷത്തില്‍ ഇന്ധനത്തിന്റെ രൂക്ഷഗന്ധം പടര്‍ന്നതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദേഹാസ്വാസ്ഥ്യം. യുഎസിലെ ലോസ് ആഞ്ജലിസിലാണ് നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമുണ്ടായത്.
ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനമാണ് കഴിഞ്ഞദിവസം ലോസ് ആഞ്ജലിസ് വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിങ് നടത്തിയത്. ലോസ് ആഞ്ജലിസില്‍നിന്ന് ഷാങ്ഹായിലേക്ക് പോയ വിമാനം എന്ജിന് തകരാര്‍ കാരണം അടിയന്തര ലാന്‍ഡിങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ലോസ് ആഞ്ജലിസ് വിമാനത്താവളത്തിലേക്ക് തിരികെ പറക്കുന്നതിനിടെ ഇന്ധനം പുറത്തുവിട്ടു. എന്നാല്‍ സ്കൂളുകള്‍ സ്ഥിതിചെയ്യുന്ന മേഖലയ്ക്ക് മുകളില്‍വച്ച് ഇന്ധനം തുറന്നുവിട്ടതോടെ ഇത് സ്കൂളുകള്‍ക്ക് സമീപം വീണ് അന്തരീക്ഷത്തില്‍ കലരുകയും വിദ്യാര്‍ഥികളില്‍ ദേഹാസ്വാസ്ഥ്യമുണ്ടാവുകയുമായിരുന്നു.
56 കുട്ടികള്‍ക്കാണ് സംഭവത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ചിലര്‍ക്ക് നേരിയ ശ്വാസതടസം ഉള്‍പ്പെടെ അനുഭവപ്പെട്ടു. എന്നാല്‍ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും ആശങ്കപ്പെടാനില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ധനം അന്തരീക്ഷത്തില്‍ കലര്‍ന്നതോടെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സ്കൂളുകളില്‍നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കുകയും ചെയ്തു.
അടിയന്തിര ലാന്‍ഡിങ്ങിന് മുന്നോടിയായി വിമാനത്തിന്റെ ഭാരം കുറയ്ക്കാനായാണ് ഇന്ധനം പുറത്തുവിടുന്നത്. സാധാരണനിലയില്‍ ജനവാസമില്ലാത്ത മേഖലയ്ക്ക് മുകളില്‍ വളരെ ഉയരത്തില്‍നിന്നാണ് ഇന്ധനം പുറത്തുവിടാറുള്ളത്. ഇത്തരത്തില്‍ ഇന്ധനം പുറത്തുവിട്ടാലും അത് ആരെയും ബാധിക്കാതെ താഴെ എത്തുന്നതിന് മുമ്പ് തന്നെ അന്തരീക്ഷത്തില്‍ കലരുകയും ചെയ്യും. എന്നാല്‍ ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് പുറത്തുവിട്ട ഇന്ധനം നേരിട്ട് സ്കൂളുകള്‍ക്ക് സമീപം പതിക്കുകയായിരുന്നു. അതേസമയം, വിമാനം ലോസ് ആഞ്ജലിസ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
Content Highlights: delta airlines flight released fuel before emergency landing fuel lands near schools in los angeles
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..