ബെയ്ജിങ്: പ്രണയദിനത്തില്‍ ഭാര്യ-ഭര്‍ത്താക്കന്മാരും കാമുകി കാമുകന്മാരും സര്‍പ്രൈസ് നല്‍കുന്നത് ഒരു പുതുമയല്ല. എന്നാല്‍, ചൈനയിലെ പ്രണയദിനത്തില്‍ ഒരു ഭാര്യ ഭര്‍ത്താവിന് നല്‍കിയ സര്‍പ്രൈസ് വാര്‍ത്തയില്‍ ഇടം നേടിയിരിക്കുകയാണ്. ഭര്‍ത്താവിനായി ഭാര്യ ഓര്‍ഡര്‍ ചെയ്ത സൂപ്പ് ഡെലിവറി ബോയ് കുടിച്ച് അതില്‍ മൂത്രം നിറയ്ക്കുകയായിരുന്നു.

ജൂലൈ ഏഴാണ് ചൈനയില്‍ പ്രണയദിനമായി ആഘോഷിക്കുന്നത്. ഭര്‍ത്താവിന് ഏറ്റവും ഇഷ്ടപ്പെട്ട റെഡ്ബീന്‍ സൂപ്പ് എത്തിച്ചുനല്‍കി സര്‍പ്രൈസ് നല്‍കാനാണ് ഭാര്യ പദ്ധതിയിട്ടത്. സൂപ്പ് ഓര്‍ഡര്‍ ചെയ്യുകയും അത് ഭര്‍ത്താവിന്റെ ഓഫിസില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. പിന്നീട് ഭര്‍ത്താവിന്റെ ഒരു അഭിനന്ദന കോള്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 

സര്‍പ്രൈസ് നല്‍കുന്നത് വരെയുള്ള കാര്യങ്ങള്‍ ഭാര്യയുടെ തിരക്കഥയ്ക്കനുസരിച്ചു തന്നെയാണ് പോയത്. പക്ഷേ, അതിനിടയില്‍ ഒരു ചെറിയ ട്വിസ്റ്റുണ്ടായി. 

പാത്രം തുറന്ന അദ്ദേഹത്തിന്റെ മൂക്കിലെത്തിയത് മൂത്രത്തിന്റെ രൂക്ഷഗന്ധമാണ്. ഉടന്‍ തന്നെ അദ്ദേഹം ഭാര്യയെ വിളിക്കുകയും സൂപ്പ് കമ്പനിയില്‍ വിളിച്ച് ഇക്കാര്യം അറിയിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.  

ഇതേ തുടര്‍ന്ന് ഭാര്യ സൂപ്പ് ഓര്‍ഡര്‍ ചെയ്ത ഹോട്ടലില്‍ വിളിച്ച് വിവരം പറഞ്ഞു. എന്നാല്‍, സൂപ്പ് പുതിയതാണെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാല്‍ പിന്നീട് ഹോട്ടല്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് സൂപ്പ് മൂത്രമായ കഥ ചുരുളഴിയുന്നത്.

സൂപ്പ് ഡെലിവറിക്ക് പോയ ആള്‍ക്ക് കൊതി സഹിക്കാന്‍ വയ്യാതായപ്പോള്‍ അത് കഴിക്കുകയായിരുന്നു. പകരം നിറക്കാന്‍ വെള്ളം അന്വേഷിച്ചെങ്കിലും ഒരുതുള്ളി വെള്ളം പോലും കിട്ടിയില്ല. തുടര്‍ന്ന് പാത്രത്തില്‍ മൂത്രമൊഴിച്ച ശേഷം ഡെലിവറി ചെയ്യുകയായിരുന്നു. 

സംഭവം വിവാദമായതിനെ തുടര്‍ന്ന് സൂപ്പ് കമ്പനിയുടെ മേധാവി നേരിട്ട് ദമ്പതികളുടെ അടുത്തെത്തി മാപ്പ് പറഞ്ഞു. ഡെലിവറി ബോയിയെ ജോലിയില്‍ നിന്ന് കമ്പനി പിരിച്ചുവിട്ടു.