വാഷിങ്ടണ്‍:  വ്യാപാരത്തില്‍ മുന്‍ഗണന നല്‍കിയ രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ പുനരാലോചനയ്ക്കില്ലെന്ന് അമേരിക്ക. വികസ്വര രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസില്‍(ജി എസ് പി)നിന്ന് ഇന്ത്യയെ പുറത്താക്കുമെന്ന് മാര്‍ച്ച് മാസത്തില്‍ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തിലാണ് പുനരാലോചനയില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്.

രണ്ടാംവട്ടവും അധികാരത്തിലെത്തിയ മോദി സര്‍ക്കാരുമായി മികച്ചബന്ധം തുടരാന്‍ ആഗ്രഹിക്കുന്നതിനിടെയാണ് അമേരിക്ക ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ജി എസ് പി കരാര്‍ കൊണ്ട് ഏറെ നേട്ടങ്ങള്‍ ഇന്ത്യക്കുണ്ടായിട്ടുണ്ട്. 2017ല്‍ 5.6ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അമേരിക്കയുടെ ബന്ധം ഊഷ്മളമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തിലെ തീരുമാനത്തില്‍ മാറ്റമുണ്ടാവുകയില്ല- യു എസ് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. വ്യാപാരതടസ്സങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അമേരിക്ക ഇന്ത്യയെ ജി.എസ്.പിയില്‍ നിന്നു പുറത്താക്കുന്നത്. കൂടാതെ തുര്‍ക്കിയെയും അമേരിക്ക പുറത്താക്കുന്നുണ്ട്. ഇനിയും വികസ്വര രാജ്യമായി തുര്‍ക്കിയെ പരിഗണിക്കാനാവില്ലെന്നാണ് അമേരിക്കയുടെ നിലപാട്.

content highlights: decision to suspend india from trade programme is a done deal says america