വാഷിങ്ടണ്‍: കോവിഡ്19 ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് അമേരിക്കയില്‍. 20,577 പേരാണ് ഇതുവരെ മരിച്ചത്. ഇതോടെ മരണസംഖ്യയില്‍ ശനിയാഴ്ച യു.എസ്. ഇറ്റലിയെ മറികടന്നു. അതേസമയം ലോകത്താകമാനമുള്ള  കോവിഡ് മരണം 1,08,770 ആയി.

24 മണിക്കൂറിനിടെ 1815 പേരാണ് അമേരിക്കയില്‍ മാത്രം മരിച്ചത്. അതേസമയം ലോകത്ത് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17,79,099 ആയി കൂടാതെ പുതുതായി 79,329 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

വെള്ളിയാഴ്ച 2108 പേര്‍ അമേരിക്കയില്‍ മരിച്ചിരുന്നു. ലോകത്ത് ഒറ്റദിവസം ഒരുരാജ്യത്തുമാത്രം റിപ്പോര്‍ട്ടുചെയ്ത ഏറ്റവുംകൂടിയ മരണസംഖ്യയായിരുന്നു ഇത്.

രോഗബാധിതരുടെ എണ്ണത്തിലും യു.എസാണ് ഒന്നാമത്. 5,03,177 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇറ്റലിയില്‍ ഇതുവരെ 18,849 പേരാണു മരിച്ചത്. 16,353 പേര്‍ മരിച്ച സ്‌പെയിനാണ് ലോകത്തെ കോവിഡ് മരണസംഖ്യയില്‍ മൂന്നാമത്.

ന്യൂയോര്‍ക്ക് ശവപ്പറമ്പായതെങ്ങനെ

യു.എസിലെ കോവിഡ് വൈറസിന്റെ വ്യാപനകേന്ദ്രം ന്യൂയോര്‍ക്ക് സംസ്ഥാനമാണ്. യു.എസിന്റെ ആകെ മരണത്തില്‍ പകുതിയിലേറെയും ഇവിടെയാണ്. ഇതുവരെ 7,800ലേറെപ്പേരാണ് ഇവിടെ മരിച്ചത്. 1.7 ലക്ഷത്തിലേറെപ്പേര്‍ക്ക് രോഗം ബാധിച്ചു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായ സ്!പെയിന്‍, ഇറ്റലി എന്നിവിടങ്ങളിലേക്കാള്‍ കൂടുതലാണിത്.

യു.എസിന്റെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്കില്‍ 86 ലക്ഷം പേരാണ് പാര്‍ക്കുന്നത്. ഓരോ ചതുരശ്രകിലോമീറ്ററിലും പതിനായിരംപേര്‍ എന്നാണ് കണക്ക്. യു.എസിലെതന്നെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരം. വര്‍ഷത്തില്‍ ആറുകോടി വിനോദസഞ്ചാരികള്‍ എത്തുന്ന ന്യൂയോര്‍ക്ക് യു.എസിലേക്കുള്ള പ്രവേശനകവാടം കൂടിയാണ്. അതായത് ഇവിടെയത്തുന്ന വൈറസ് ബാധിതരായ ഒരാളില്‍നിന്ന് വൈറസ് വളരെവേഗത്തില്‍ മറ്റുള്ളവരിലേക്ക് പടരും.

ഫെബ്രുവരിയില്‍ യൂറോപ്പില്‍നിന്നെത്തിയ വൈറസില്‍നിന്നാണ് ന്യൂയോര്‍ക്കില്‍ രോഗം പടര്‍ന്നതെന്നാണ് നിഗമനം. മാര്‍ച്ച് ഒന്നിനാണ് ഇവിടെ ആദ്യരോഗബാധ സ്ഥിരീകരിച്ചത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ബ്രോന്‍ക്‌സ്, ക്വീന്‍സ് മേഖലകളില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപനം രേഖപ്പെടുത്തി. മാര്‍ച്ച് രണ്ടിന് രണ്ടാം കേസ് റിപ്പോര്‍ട്ടു ചെയ്തു. നഗരത്തിന്റെ ആരോഗ്യസംവിധാനം ലോകത്തില്‍വെച്ചേറ്റവും മികച്ചതെന്നാണ് അന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വാമോ പറഞ്ഞത്. രണ്ടാഴ്ചയ്ക്കുശേഷമാണ് മേഖലയില്‍ സ്!കൂളുകളുള്‍പ്പെടെയുള്ള പൊതുവിടങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 22ന് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു.

അടച്ചിടല്‍ പ്രഖ്യാപിക്കാന്‍ ഇത്രയേറെ വൈകിയെന്നതാണ് ന്യൂയോര്‍ക്കിന്റെ പരാജയം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുള്‍പ്പെടെയുള്ളവര്‍ സാമ്പത്തികകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ത്തതാണ് അടച്ചിടല്‍ വൈകിപ്പിച്ചതെന്ന് അധികൃതര്‍ പറയുന്നു. വെന്റിലേറ്റര്‍ സംവിധാനം യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ട്രംപ് ഭരണകൂടം അടിയന്തരാവസ്ഥാ അധികാരം ഉപയോഗിക്കാന്‍ വൈകിയതും ന്യൂയോര്‍ക്കിനെ മരണഭൂമിയാക്കിയെന്നും അവര്‍ കുറ്റപ്പെടുത്തി.

Content Highlights: death toll increases in America than Italy on covid 19