വാഷിങ്ടണ്‍: യു.എസില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കടന്നു. രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷത്തിലേറെയായി. അതേസമയം 781 പേരാണ് രോഗബാധയെ തുടര്‍ന്ന് ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം മരിച്ചത്. 

29,277 പേര്‍ക്കാണ് 24 മണിക്കൂറില്‍ രോഗം ബാധ സ്ഥിരീകരിച്ചത്. 5000 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 

വൈറസിനെ നിയന്ത്രണവിധേയമാക്കാന്‍ തന്റെ ഭരണകൂടം എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കുടുങ്ങിയിട്ടുള്ള പൗരന്മാരെ തിരികെയെത്തിക്കുന്ന നടപടികളാരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

ന്യൂയോര്‍ക്ക് നഗരത്തില്‍മാത്രം കുറഞ്ഞത് പതിനാറായിരത്തിലേറെപ്പേര്‍ മരിക്കുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമോ മുന്നറിയിപ്പുനല്‍കി. ഈ രീതിയില്‍ വൈറസ് പടര്‍ന്നുപിടിച്ചാല്‍ 16,000 ന്യൂയോര്‍ക്ക് വാസികളും യു.എസിലാകെ 93,000 പേരും മരിച്ചേക്കുമെന്നാണ് ക്യൂമോ പറഞ്ഞത്. ഇതുതടയാന്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ വേണ്ട നടപടികള്‍ കാര്യക്ഷമമായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlights: death toll increased in America on corona virus pandemic