-
ഒട്ടാവ: അമേരിക്കന്‍-ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാനഡയില്‍ നടന്ന വംശീയ വിരുദ്ധറാലിയില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം പങ്കുചേര്‍ന്ന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. പ്രതിഷേധക്കാരുടെ നടുവില്‍ മുട്ടിലിരുന്നാണ് ട്രൂഡോ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ഈ നടപടി വ്യാപകമായി പ്രശംസിക്കപ്പെട്ടു.
ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയിഡ് പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതില്‍ അമേരിക്കയുടെ പലഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുകയാണ്. വര്‍ണവിവേചനം അവസാനിപ്പിക്കണമെന്നും ജോര്‍ജ് ഫ്ളോയിഡിന് നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കുചേര്‍ന്നത്. ഇതിന്റെ ഭാഗമായാണ് കാനഡ പാര്‍ലമെന്റിന് സമീപത്തെ യുഎസ് എംബസിക്ക് മുന്നില്‍ വംശീയ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്.
no justice=no peace എന്ന പേരില്‍ സംഘടിപ്പിച്ച റാലിയിലേക്ക് കറുത്ത മാസ്ക് ധരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം അപ്രതീക്ഷിതമായാണ് ട്രൂഡോ എത്തിയത്. ഏറെ നേരം നീണ്ടുനിന്ന പ്രതിഷേധത്തിനിടെ മൂന്ന് തവണയോളം ട്രൂഡോ നിലത്ത് മുട്ടുകുത്തിയിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തെങ്കിലും ട്രൂഡോ പ്രസംഗിച്ചില്ല. ട്രൂഡോയുടെ ഈ പ്രവര്‍ത്തിയെ നിരവധി പേരാണ് പ്രശംസിച്ചത്.
ടൊറന്റോയിലുള്പ്പെടെ കാനഡയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അതിനിടെ ഫ്ളോയിഡിന്റെ മരണത്തില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ അമേരിക്കയില്‍ ഇപ്പോഴും തുടരുകയാണ്.
Content Highlights: Death of George Floyd Justin Trudeau kneels at anti-racism rally
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..