കാപ്സ്യൂൾ വീണ വഴിയിൽ തിരച്ചിൽനടത്തുന്ന അധികൃതർ.
മെല്‍ബണ്‍: പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ യാത്രാമധ്യേ ലോറിയില്‍നിന്ന് അപകടകരമായ അളവില്‍ അണുവികിരണമുണ്ടാക്കുന്ന വസ്തുവടങ്ങിയ കാപ്സ്യൂള്‍ നഷ്ടമായി. വികിരണസാധ്യത മുന്‍നിര്‍ത്തി ഓസ്ട്രേലിയയിലെ വിവിധ മേഖലകള്‍ അതിജാഗ്രതയിലാണ്. ഇരുമ്പയിരിന്റെ സാന്ദ്രത കണക്കാക്കാനുപയോഗിക്കുന്ന ഉപകരണത്തിന്റെഭാഗമാണ് നഷ്ടപ്പെട്ട കാപ്സ്യൂള്‍. ഇതിനായി വ്യാപകതിരച്ചില്‍ നടക്കുന്നുണ്ട്.
കാപ്സ്യൂള്‍ കടത്തിയ ഖനിവ്യവസായ കന്പനി റിയോ ടിന്റോ ലിമിറ്റഡ് സംഭവത്തില്‍ മാപ്പുചോദിച്ച് രംഗത്തെത്തി. കൃത്യമായി എന്നാണ് നഷ്ടപ്പെട്ടതെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ജനുവരി 12-നാണ് കമ്പനിയുടെ ഗുഡായ് ഡാരി ഖനിയില്‍നിന്ന് കാപ്സ്യൂളുമായി ട്രക്ക് പുറപ്പെട്ടത്. എന്നാല്‍, നഷ്ടപ്പെട്ട വിവരം കരാറുകാരന്‍ അറിയിക്കുന്നത് 25-നാണ്.
കിംബേര്‍ലി മേഖലയിലെ ന്യൂമാന്‍ നഗരത്തില്‍നിന്ന് പെര്‍ത്ത് നഗരത്തിന് വടക്കുകിഴക്കായുള്ള സംഭരണകേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന വഴിയായിരിക്കണം നഷ്ടപ്പെട്ടതെന്നാണ് അധികൃതര്‍ കരുതുന്നത്. 1400 കിലോമീറ്ററാണ് ന്യൂമാനില്‍നിന്ന് സംഭരണകേന്ദ്രത്തിലേക്കുള്ളത്. ഉപകരണം കൊണ്ടുപോകുന്നതിന് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നെന്നും സ്വന്തംനിലയ്ക്ക് കമ്പനി അന്വേഷണം നടത്തുമെന്നും ഇരുമ്പയിര് ഉത്പാദന വിഭാഗത്തിന്റെ മേധാവി സൈമണ്‍ ട്രോട്ട് അറിയിച്ചു. അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു. യാത്രയുടെ ഭാഗമായുണ്ടായ ചലനങ്ങളെത്തുടര്‍ന്ന് ട്രക്കില്‍നിന്ന് താഴെപ്പോയിരിക്കാമെന്നാണ് വിലയിരുത്തല്‍. തിരച്ചിലിന്റെ ഭാഗമായി പ്രദേശങ്ങളില്‍ റേഡിയോളജിക്കല്‍ സര്‍വേ പൂര്‍ത്തിയാക്കിയതായും അധികൃതര്‍ അറിയിച്ചു.
പേടിപ്പിക്കുന്ന ഇത്തിരിക്കുഞ്ഞന്‍
അണുവികിരണമുണ്ടാക്കുന്ന സീഷിയം ആറ്റത്തിന്റെ ഐസോടോപ്പാണ് (സീഷിയം-137) വെള്ളികൊണ്ടുള്ള കാപ്സ്യൂളില്‍ സൂക്ഷിച്ചിരുന്നത്.
ആറു മില്ലിമീറ്റര്‍ വ്യാസവും എട്ടു മില്ലിമീറ്റര്‍ നീളവുമുണ്ടിതിന്. 10 എക്‌സ്‌റേ വികിരണങ്ങള്‍ ഒരുമണിക്കൂറിലുണ്ടാക്കുന്നത്രയും ആഘാതം സൃഷ്ടിക്കാന്‍ ഇതിന് കഴിയും. തൊലിപ്പുറത്തെ പൊള്ളല്‍, ശാരീരികാസ്വാസ്ഥ്യം എന്നിവയെക്കൂടാതെ ചിലപ്പോള്‍ മരണത്തിനുവരെ അണുവികിരണം കാരണമായേക്കാം. വികിരണത്തോതനുസരിച്ച് പ്രത്യാഘാതം വ്യത്യാസപ്പെടും.
എന്താണ് ഐസോടോപ്പുകള്‍?
ഒരേ ആറ്റോമിക് നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരു മൂലകത്തിന്റെ ആറ്റങ്ങളാണ് ഐസോടോപ്പുകള്‍. അണുകേന്ദ്രത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണത്തിലായിരിക്കും അവ വ്യത്യാസപ്പെട്ടിരിക്കുക. ഇവയില്‍ മിക്കതും വികിരണങ്ങള്‍ പുറത്തുവിടുന്നവയായിരിക്കും.
Content Highlights: Deadly radioactive capsule, missing Australia, high alert
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..