പ്രതീകാത്മകചിത്രം | Photo : AFP
ഏതൊരു ജീവി നീന്തിയെത്തിയാലും ജീവനെടുക്കുന്ന ഒരു ജലാശയം! മിയാമി സര്‍വകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് ഈ കുളം കണ്ടെത്തിയിരിക്കുന്നത്. ചെങ്കടലിലെ (Red Sea) അടിത്തട്ടിലായാണ് ഈ കുളം കണ്ടെത്തിയത്. അടിത്തട്ടില്‍ നിന്ന് 1.7 കിലോമീറ്റര്‍ ആഴത്തിലാണ് കുളം സ്ഥിതി ചെയ്യുന്നത്. റിമോട്ടുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന അന്തര്‍വാഹിനിയില്‍ പത്ത് മണിക്കൂര്‍ ദൈര്‍ഘ്യമേറിയ ഉള്‍ക്കടല്‍ യാത്രക്കൊടുവിലാണ് ശാസ്ത്രസംഘം ഈ കുളം കണ്ടെത്തിയത്.
ചുറ്റുമുള്ള സമുദ്രജലത്തിനേക്കാള് കൂടുതല്‍ സാന്ദ്രതയില്‍ ലവണവും രാസവസ്തുക്കളും ഈ ജലാശയത്തിലെ വെള്ളത്തിലുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത്തരത്തിലുള്ള കുളങ്ങള്‍ക്ക് ജീവികളെ നിര്‍ജീവമാക്കുന്നതിനോ ഉപ്പിലിട്ട് സൂക്ഷിക്കുന്ന വസ്തുക്കളെ പോലെ മരവിപ്പിക്കാനോ സാധിക്കുമെന്നും ഇവര്‍ പറയുന്നു. ഭൂമിയിലെ ഏറ്റവും അപകടകരമായ ഇടങ്ങളാണിവയെന്ന് സംഘത്തിലെ മുഖ്യശാസ്ത്രജ്ഞനായ സാം പുര്കിസ് പറയുന്നു. സാന്ദ്രതയേറിയ ലവണജലത്തിന് അതിലേക്കെത്തുന്ന ജീവികളെ ഞൊടിയിടെ കൊല്ലാനോ മരവിപ്പിക്കാനോ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സ്യങ്ങള്‍, ചെമ്മീന്‍, ഈല്‍ തുടങ്ങിയ ജീവികള്‍ ഈ മാരകജലാശയത്തിന് സമീപത്തായി തമ്പടിക്കുകയും ഈ വെള്ളത്തില്‍ ചത്തുപൊങ്ങുന്ന ജീവികളെ ആഹാരമാക്കി തീര്‍ക്കുകയും ചെയ്യാറുണ്ടെന്നും സാം പുര്കിസ് പറഞ്ഞു. ഇത്തരത്തിലുള്ള ജലാശയങ്ങള്‍ സമുദ്രങ്ങളുടെ രൂപീകരണത്തെ കുറിച്ചുള്ള പഠനത്തിന് സഹായകമാകുന്നതായും സാം വ്യക്തമാക്കി. വൈവിധ്യമാര്‍ന്ന നിരവധി സൂക്ഷ്മാണുക്കളുടെ വാസസ്ഥലം കൂടിയാണ് ഇത്തരം കുളങ്ങളെന്നും ഇതേ പ്രകൃതമുള്ള മറ്റ് ഗ്രഹങ്ങളിലെ ജീവസാന്നിധ്യത്തെ കുറിച്ചുള്ള പഠനത്തിന് ഇവ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍ പെടുന്ന ആദ്യത്തെ വിഷക്കുളമല്ല ചെങ്കടലിലേത്. ചെങ്കടല്‍. മെഡിറ്ററേനിയന്‍ സമുദ്രം, മെക്സിക്കന്‍ ഉള്‍ക്കടല്‍ എന്നിവയുടെ അടിത്തട്ടില്‍ ഉറഞ്ഞുകൂടിയ നിരവധി മാരക ജലാശയങ്ങള്‍ കഴിഞ്ഞ മുപ്പത് കൊല്ലത്തിനിടെ കണ്ടെത്തിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..