ബെയ്‌റൂത്തിലെ ഒരു പള്ളിയുടെ ക്ലോക്ക് ടവറിന്റെ ദൃശ്യം | Photo:AFP
ബയ്‌റുത്ത്: വേനൽക്കാലത്തെ സമയമാറ്റത്തെച്ചൊല്ലി ലെബനനിൽ തർക്കം. വേനൽക്കാലത്തെ സമയമാറ്റം നീട്ടിവെക്കാനുള്ള സർക്കാർ തീരുമാനം സംബന്ധിച്ച് വിരുദ്ധാഭിപ്രായങ്ങള്‍ രൂപപ്പെട്ടതോടെയാണ് ഞായറാഴ്ച ലബനനിൽ രണ്ടു സമയമേഖലകൾ ഉടലെടുത്തത്. പിന്നീട് സർക്കാർ തീരുമാനം പിൻവലിക്കുകയും പതിവുരീതിയിലുള്ള സമയമാറ്റം നിലവിൽവരികയും ചെയ്തു.
വേനൽക്കാലത്ത് പകൽവെളിച്ചം കൂടുതൽ ഉപയോഗപ്പെടുത്താൻ മാർച്ചിലെ അവസാന ഞായറാഴ്ച ക്ലോക്കിലെ സൂചി ഒരു മണിക്കൂർ മുന്നോട്ടാക്കുന്ന പതിവുണ്ട് ലെബനനിൽ. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഈ രീതിയുണ്ട്. ശൈത്യകാലമാകുന്നതോടെ ക്ലോക്ക് വീണ്ടും പഴയപടിയാക്കും. എന്നാൽ, ഇത്തവണ ഈ സമയമാറ്റം ഏപ്രിൽ 20-ന് മതിയെന്ന് ലെബനനിലെ കാവൽ പ്രധാനമന്ത്രി നജീബ് മികാതി വ്യാഴാഴ്ച തീരുമാനിച്ചതാണ് സമയം സംബന്ധിച്ച് തർക്കത്തിന് ഇടയാക്കിയത്.
കാരണമൊന്നും വ്യക്തമാക്കാതെയായിരുന്നു മികാതിയുടെ തീരുമാനം. വേനൽക്കാല സമയക്രമത്തിലേക്കു (ഡി.എസ്.ടി.) മാറിയാൽ നോമ്പുതുറ ഒരുമണിക്കൂർ വൈകും എന്നതിനാൽ റംസാൻമാസം കഴിയാനാണ് പ്രധാനമന്ത്രി കാക്കുന്നതെന്നാണ് പൊതുവേയുള്ള ആരോപണം.
കൂടിയാലോചനകൾ നടത്താതെയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നോക്കാതെയുമെടുത്ത തീരുമാനം അനുസരിക്കില്ലെന്ന് രാജ്യത്തെ പ്രബല ക്രിസ്ത്യൻ വിഭാഗമായ മാരൊണൈറ്റ് സഭ പറഞ്ഞു. മാരൊണൈറ്റ് സഭയും വിവിധ ക്രിസ്ത്യൻ സംഘടനകളും സ്കൂളുകളും പാർട്ടികളും ഞായറാഴ്ചമുതൽ വേനൽക്കാല സമയക്രമം പാലിച്ചുതുടങ്ങി. എന്നാൽ, മുസ്‌ലിം സ്ഥാപനങ്ങളും പാർട്ടികളും ശീതകാല സമയക്രമം പാലിക്കാൻ തീരുമാനിക്കുകയും ചെയ്തു.
രണ്ടു സമയമേഖലകൾ ഉടലെടുത്തതോടെ ജനങ്ങൾ കടുത്ത ആശയക്കുഴപ്പത്തിലായി. 'എന്റെ മക്കളെ രാവിലെ എട്ട് മണിക്ക് സ്കൂളിൽ വിട്ട ഞാൻ 42 കിലോമീറ്റർ അകലെയുള്ള ജോലിസ്ഥലത്തെത്തിയത് 7.30-നാണ്. തുടർന്ന് വെെകുന്നേരം അഞ്ച് മണിക്ക് മടങ്ങി, ഒരു മണിക്കൂർ കൂടി കഴിഞ്ഞ് ഏഴ് മണിക്കാണ് വീട്ടിലെത്തിയത്', ലബനൻ പൗരനായ ഒരാള്‍ പറയുന്നു.
എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ സമയക്രമം പാലിക്കാത്തർവക്കെതിരേ നടപടിയുമായി മുന്നോട്ടുപോകില്ലെന്ന് പ്രധാനമന്ത്രി നജീബ് മികാതി പറഞ്ഞു. ജനവിഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടായതോടെ തിങ്കളാഴ്ച ക്യാബിനറ്റ് ചേര്‍ന്ന് തീരുമാനം പിന്‍വലിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ സമയക്രമം നിലവില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: lebanon Daylight savings dispute
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..