ഹേഗ്: ബുദ്ധസന്യാസിമാര്‍ നടത്തുന്ന ലൈംഗിക ചൂഷണങ്ങളേക്കുറിച്ച് 1990കള്‍ മുതല്‍ അറിയാമെന്നും ഇത്തരം കാര്യങ്ങള്‍ പുതിയതല്ലെന്നും ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ. വെള്ളിയാഴ്ച നെതര്‍ലന്‍ഡ്‌സില്‍ ലൈംഗിക ചൂഷണത്തിനിരയായവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഒരു ഡച്ച് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാമ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.

നേരത്തേ യൂറോപ്യന്‍ സന്ദര്‍ശനത്തിടെ ദലൈ ലാമയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ചൂഷണത്തിന് ഇരയായവര്‍ കത്ത് നല്‍കിയിരുന്നു. ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് വരെ തങ്ങള്‍ ബുദ്ധ മതത്തെ അഭയകേന്ദ്രമായി കണ്ടിരുന്നുവെന്ന് ഇരകള്‍ പറഞ്ഞു. 

ലൈംഗിക ചൂഷണങ്ങള്‍ പുതിയതല്ലെന്നും തനിക്ക് ഇതിനേപ്പറ്റി നേരത്തേ അറിയാമായിരുന്നുവെന്നും ശനിയാഴ്ച നല്‍കിയ അഭിമുഖത്തില്‍ ലാമ പറഞ്ഞു. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ വെച്ച് നടന്ന പാശ്ചാത്യ ബുദ്ധാചാര്യന്മാരുടെ സമ്മേളനത്തിനിടെ ലൈംഗികാരോപണങ്ങളുമായി ഒരാള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ലാമ വ്യക്തമാക്കി. 

ലൈംഗിക ചൂഷണം നടത്തുന്നവര്‍ ബുദ്ധന്റെ ഉപദേശങ്ങള്‍ പിന്തുടരുന്നില്ലെന്നും മതനേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ലാമ കൂട്ടിച്ചേര്‍ത്തു. 

Content Highlights: Dalai Lama Says He Knew of Sex Abuse by Buddhist Teachers Since 1990s