കാബൂൾ: കുറ്റം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ രീതികള്‍ നടപ്പിലാക്കുമെന്ന് അഫ്ഗാനിസ്താനിലെ താലിബാൻ നേതാവ്. കൈവെട്ടുന്നത് അടക്കമുള്ള ശിക്ഷകള്‍ അഫ്ഗാനിസ്താനിൽ നടപ്പിലാക്കും. എന്നാൽ ഇത് പൊതുയിടത്തിൽ വേണോ എന്നത് സംബന്ധിച്ച ചര്‍ച്ച മന്ത്രിസഭയിൽ നടക്കുകയാണെന്നും താലിബാൻ നേതാവ് മുല്ല നൂറുദ്ദീൻ തുറാബി പറഞ്ഞു. അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

അഫ്ഗാൻ പിടിച്ചതോടെ താലിബാൻ ഭരണത്തിലെ നിയമങ്ങളും ജനങ്ങള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യങ്ങളും ഏറെ ചർച്ചയായിരുന്നു. ശരീഅത്ത് നിയമങ്ങൾ അനുസരിച്ചുള്ള ശിക്ഷാ വിധികളാണ് മുമ്പ് താലിബാൻ ഭരണത്തിൽ നടപ്പിലാക്കിയിരുന്നത്. ശരീഅത്ത് നിയമമനുസരിച്ച് കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് തീവ്രമായ ശിക്ഷാ വിധികളാണ് നടപ്പിലാക്കുക. എന്നാൽ ഇത്തരം ശിക്ഷാവിധികൾ നടപ്പിലാക്കാൻ കൃത്യമായ തെളിവ് വേണമെന്നും പറയുന്നുണ്ട്.  

താലിബാൻ അധികാരത്തിലെത്തിയതോടെ ക്രൂരമായ ശിക്ഷാ വിധികളെക്കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. എന്നാൽ ഇത്തരം ക്രൂര ശിക്ഷാവിധികൾ താലിബാൻ തുടർന്ന് പോകും എന്ന് തന്നെയാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. 

കൈവെട്ടുക അടക്കമുള്ള ശിക്ഷാ രീതികള്‍ വൈകാതെ തന്നെ അഫ്ഗാനിസ്താനിൽ നടപ്പിലാക്കും. പല തരത്തിലുള്ള ശിക്ഷാവിധികളായിരിക്കും കുറ്റം ചെയ്തവർക്ക് നൽകുക. പൊതുയിടത്തിൽ വെച്ചായിരിക്കും തെറ്റ് ചെയ്തവരുടെ വിചാരണ. എന്നാൽ ഇവരുടെ ശിക്ഷാവിധികളെക്കുറിച്ചും ശിക്ഷകളും പൊതുയിടത്തിൽ പ്രഖ്യാപിക്കില്ല. ഞങ്ങളുടെ നിയമം എന്താണെന്ന് മറ്റുള്ളവർ ഞങ്ങളോട് പറയേണ്ടതില്ല -  മുല്ല നൂറുദ്ദീൻ തുറാബി അഭിമുഖത്തിൽ പറഞ്ഞു.

Content Highlights: Cutting off hands, executions necessary: Taliban leader talks of plans for new Afghan regime