കാലിഫോര്‍ണിയ (യു.എസ്): കറന്‍സി നോട്ടുകള്‍ റോഡില്‍ ചിതറിവീഴുന്നതുകണ്ട് അമ്പരന്ന് യാത്രക്കാര്‍. പലരും വാഹനം നിര്‍ത്തി ഇറങ്ങി നോട്ടുകള്‍ ശേഖരിച്ചു. മറ്റുപലരും നോട്ടുകള്‍ വാരിയെടുത്ത് വീണ്ടും വലിച്ചെറിഞ്ഞു. തെക്കന്‍ കാലിഫോര്‍ണിയയിലെ കാള്‍സ്ബാഡിലാണ് സംഭവം.

ഫ്രീവേയിലൂടെ അതീവ സുരക്ഷയോടെ സഞ്ചരിച്ച ട്രക്കില്‍നിന്നാണ് നോട്ടുകള്‍ നിറച്ച ബാഗുകള്‍ നിലത്തുവീണത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 9.15 നായിരുന്നു സംഭവം. സാന്റിയാഗോയില്‍നിന്ന് കറന്‍സി നോട്ടുമായി പോയ വാഹനമായിരുന്നു അതെന്ന് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by DEMI BAGBY (@demibagby)

ഓട്ടത്തിനിടയില്‍ ട്രക്കിന്റെ വാതില്‍ അപ്രതീക്ഷിതമായി തുറന്നപോകുകയും നോട്ടുകള്‍ സൂക്ഷിച്ചിരുന്ന ബാഗുകള്‍ റോഡില്‍ വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ നോട്ടുകള്‍ വാരിയെടുക്കുന്നതിന്റെയും പലരും അത് വലിച്ചെറിയുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. എല്ലാവരും വാഹനം നിര്‍ത്തുകയും നോട്ടുകള്‍ വാരിയെടുക്കുകയും ചെയ്തുവെന്ന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്തവര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഫ്രീവേയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പണം തിരികെ നല്‍കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി പേര്‍ കറന്‍സി നോട്ടുകള്‍ തിരികെ നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ജനങ്ങള്‍ക്ക് ഒരുപാട് നോട്ടുകള്‍ ലഭിച്ചുവെന്നും പലരും അത് തിരിച്ചേല്‍പ്പിക്കുന്നുണ്ടെന്നും കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ പറഞ്ഞു. ട്രക്കില്‍നിന്ന് കറന്‍സി നോട്ടുകള്‍ ചിതറിവീണതിനെത്തുടര്‍ന്ന് ഫ്രീവേയിലെ ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു.