പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്യാൻ ശ്രമിക്കുന്നു(ഫയൽചിത്രം)| Photo: AP
ഹവാന: ക്യൂബയിലെ ജനങ്ങളുടെ പ്രതിഷേധം ഫലം കണ്ടു. ഭക്ഷണത്തിനും മരുന്നിനും മറ്റ് അവശ്യവസ്തുക്കള്‍ക്കും മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതിച്ചുങ്കം സര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കി. അടുത്ത തിങ്കളാഴ്ച മുതല്‍ വര്‍ഷാവസാനം വരെ മേല്‍പ്പറഞ്ഞ വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് യാത്രികര്‍ക്കു മേല്‍ നിയന്ത്രണമുണ്ടാവില്ല.
ഭക്ഷണം, മരുന്ന് എന്നിവയുടെ ലഭ്യതക്കുറവ്, വിലക്കയറ്റം, സര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച തുടങ്ങിയ വിഷയങ്ങളിലെ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകളാണ് ഞായറാഴ്ച ക്യൂബന്‍ തെരുവുകളില്‍ ഇറങ്ങിയത്. അവര്‍ മുന്നോട്ടുവെച്ച ഒരാവശ്യം, ക്യൂബയിലേക്ക് വരുന്നവര്‍ കൊണ്ടുവരുന്ന അവശ്യവസ്തുക്കള്‍ക്കു മേല്‍ കസ്റ്റംസ് നികുതി ചുമത്തരുത് എന്നായിരുന്നു. ഞായറാഴ്ച ആരംഭിച്ച പ്രതിഷേധത്തില്‍ ആയിരക്കണക്കിനാളുകള്‍ അറസ്റ്റിലാവുകയും ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറക്കുമതിച്ചുങ്കം ഒഴിവാക്കിയ കാര്യം പ്രധാനമന്ത്രി മാനുവല്‍ മറേറോ ക്രൂസ് ആണ് അറിയിച്ചത്. നിരവധി യാത്രക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായും ഈ തീരുമാനം കൈക്കൊള്ളേണ്ടത് അത്യാവശ്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 31-നു ശേഷം സര്‍ക്കാര്‍ കാര്യങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ക്യൂബയിലേക്ക് വരുന്നയാളുകള്‍ക്ക് നികുതിയടയ്ക്കാതെ പത്തുകിലോ മരുന്ന് കൊണ്ടുവരാനാകും. എന്നാല്‍ കൊണ്ടുവരുന്ന ഭക്ഷണത്തിനും വ്യക്തിശുചിത്വത്തിനുള്ള സാമഗ്രികള്‍ക്കും കസ്റ്റംസ് നികുതി അടയ്ക്കേണ്ടതായുമുണ്ട്. അതേസമയം കസ്റ്റംസ് നികുതി ഒഴിവാക്കുന്ന നയംകൊണ്ട് എത്രത്തോളം ഗുണമുണ്ടാകുമെന്ന കാര്യം ഇപ്പോളും വ്യക്തമല്ല. കാരണം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വളരെക്കുറച്ച് ആളുകള്‍ മാത്രമാണ് ക്യൂബയിലേക്ക് വരുന്നത്. അതേസമയം മൂന്നുദിവസത്തെ റദ്ദാക്കലിനു ശേഷം ക്യൂബന്‍ അധികൃതര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു തുടങ്ങി.
content highlights: cuba lifts customs duty on food and medicine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..