മനില: പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച പ്രതിമയാണെന്ന് തെറ്റിദ്ധരിച്ച് ജീവനുള്ള മുതലയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിനോദസഞ്ചാരിയെ മുതല ആക്രമിച്ചു. കുളത്തിലേക്ക് മൊബൈലുമായി ചാടിയ വിനോദസഞ്ചാരിയുടെ കൈ മുതല കടിച്ചു കുടഞ്ഞു. ഫിലിപ്പീന്‍സിലാണ് സംഭവം നടന്നത്.

കാഗയാന്‍ ഡി ഓറോ സിറ്റിയിലെ അമായ വ്യൂ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നവംബര്‍ പത്തിനാണ് സംഭവം. നെഹിമിയാസ് ചിപാഡ എന്ന 68-കാരനാണ് മുതലയുടെ ആക്രമണത്തില്‍ ഇടതുകൈക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ മുതല ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ ചിപാഡയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

മുതലയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ഒരു കയ്യില്‍ മൊബൈലുമായാണ് ചിപാഡ കുളത്തിലേക്ക് ഇറങ്ങിയത്. ഇതിനു പിന്നാലെ മുതല ചിപാഡയുടെ ഇടതുകൈയില്‍ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിടാന്‍ ശ്രമിക്കുകയായിരുന്നു. ചിപാഡയുടെ കുടുംബാംഗങ്ങളും മറ്റ് വിനോദസഞ്ചാരികളും ഈ സമയം പരിസരത്തുണ്ടായിരുന്നു. സംഭവം കണ്ടുനിന്ന റോജെലിയോ പമീസ ആന്റിഗ എന്നയാളാണ് ദൃശ്യം പകര്‍ത്തിയത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മുതലയുടെ പിടിവിടുവിച്ച് കുളത്തില്‍നിന്ന് ചിപാഡ ഓടിയിറങ്ങുന്നതും മുറിവേറ്റ കൈയുടെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. പരിക്കേറ്റതിന് പിന്നാലെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൈയില്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പാര്‍ക്കില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ചിപാഡയുടെ കുടുംബം ആരോപിച്ചു. എന്നാല്‍ ഈ ആരോപണം നിഷേധിച്ച പാര്‍ക്ക് അധികൃതര്‍, ചിപാഡയ്ക്ക് ധനസഹായം നല്‍കുമെന്ന് അറിയിച്ചു. 

content highlights: crocodile attacks tourist in Philippines