വിമാന അവശിഷ്ടങ്ങൾ | Photo: ANI
കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്നുവീണ വിമാനത്തില്‍ യാത്രചെയ്തിരുന്ന 14 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തകര്‍ന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഞായറാഴ്ച വൈകിട്ടോടെ കണ്ടെത്തിയെങ്കിലും തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാല് ഇന്ത്യക്കാരടക്കം 22 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ബാക്കി എട്ടു യാത്രക്കാര്‍ക്കായുള്ള തിരച്ചില്‍ നടന്നുവരികയാണ്.
മുസ്തങ്ങ് ജില്ലയിലെ കോവാങ്ങില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ സൈന്യം കണ്ടെത്തിയതെന്ന് നേപ്പാള്‍ സൈനിക വക്താവിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വിമാനം പര്‍വ്വത ശിഖിരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. തകര്‍ന്ന വിമാനത്തില്‍ യാത്രചെയ്തിരുന്നവരുടെ ശരീരങ്ങളും വിമാനാവശിഷ്ടങ്ങളും പ്രദേശത്ത് 100 മീറ്റര്‍ ചുറ്റളവില്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. വിമാനാവശിഷ്ടങ്ങളുടെ ചിത്രം നേപ്പാള്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. 43 വര്‍ഷം പഴക്കമുള്ള 9 എന്‍-എഇടി ഇരട്ട എന്ജിന് വിമാനമാണിത്. നേപ്പാളിലെ പൊഖാറയില്‍നിന്നും ജോംസമിലേക്ക് രാവിലെ 9.55ഓടെയാണ് വിമാനം യാത്ര പുറപ്പെട്ടത്. 15 മിനിറ്റുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടമാവുകയായിരുന്നു. നാല് ഇന്ത്യക്കാരെക്കൂടാതെ രണ്ട് ജര്‍മന്‍ പൗരന്മാരും 13 നേപ്പാളി യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരായ നാല് ഇന്ത്യക്കാരും മുംബൈ സ്വദേശികളാണെന്ന് വിവരം.
വിമാനം തകര്‍ന്നുവീണ പ്രദേശം ഞായറാഴ്ച തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ശക്തമായ മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തില്‍ രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. തകര്‍ന്ന് വീണ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചത് പൈലറ്റായിരുന്ന ക്യാപ്റ്റന്‍ പ്രഭാകര്‍ ഗിമിറിന്റെ മൊബൈല്‍ ഫോണ്‍ ആണെന്ന് പ്രാദേശിക മാധ്യമങ്ങളേയും ഉദ്യോഗസ്ഥരേയും ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രഭാകര്‍ ഗിമിറിന്റെ സെല്‍ഫോണ്‍ ബെല്ലടിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് നേപ്പാള്‍ സൈന്യം ടെലികോം വകുപ്പിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ജിപിഎസ് ഉപയോഗിച്ച് വിമാനം തകര്‍ന്നുവീണ പ്രദേശം കണ്ടെത്തുകയായിരുന്നു എന്ന് കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജനറല്‍ മാനേജറായ പ്രേം നാഥ് താകൂര്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlights: Crashed Tara Air aircraft located at Mustang
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..