ബെയ്ജിങ്: ചൈന-  പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) അഫ്ഗാനിസ്താനിലേക്കും നീട്ടാന്‍ തീരുമാനം. ചൈനയുടെയും പാകിസ്താന്റെയും അഫ്ഗാനിസ്താന്റെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മൂന്ന് രാജ്യങ്ങളുടെയും പുരോഗതി ലക്ഷ്യമിടുന്നതാണ് പദ്ധതിയെന്നും മാറ്റൊരു രാജ്യത്തിനും എതിരായ നീക്കമല്ല ഇതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. പാക് അധീന കശ്മീരിലൂടെയുടെ കടന്നുപോകുന്ന സാമ്പത്തിക ഇടനാഴിയെപ്പറ്റി ഇന്ത്യയ്ക്കുള്ള ആശങ്ക ചൂണ്ടിക്കാട്ടിയപ്പോള്‍ ആയിരുന്നു പ്രതികരണം.

മേഖലയ്ക്ക് മുഴുവന്‍ പ്രയോജനപ്പെടുന്ന പദ്ധതിയെ രാഷ്ട്രീയവത്കിക്കരുതെന്നും ചൈന അഭ്യര്‍ഥിച്ചു. ചൈനയുടെയും പാകിസ്താന്റെയും അയല്‍രാജ്യമാണ് അഫ്ഗാനിസ്താന്‍. സാമ്പത്തിക പുരോഗതി കൈവരിക്കാനുള്ള അഫ്ഗാനിസ്താന്റെ താത്പര്യം കണക്കിലെടുത്താന്‍ റോഡ് പദ്ധതി ആരാജ്യത്തേക്കും നീട്ടുന്നതെന്ന് ചൈന വ്യക്തമാക്കി. പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തിലുണ്ടായി. സുരക്ഷ വര്‍ധിപ്പിക്കുന്നതും തീവ്രവാദം നേരിടുന്നതും സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നത്.

പൊതുജനാരോഗ്യം, മാനവ വിഭവശേഷി വികസനം, കൃഷി തുടങ്ങിയ മേഖലകളില്‍ അഫ്ഗാനിസ്താന് സഹായം നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.