ലണ്ടന്‍: താത്കാലികമായി നിര്‍ത്തിവെച്ച ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്റെ പരീക്ഷണം പുനരാരംഭിച്ചു. വാക്‌സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിയിരുന്നത്.

'ഇതു സംബന്ധിച്ച സ്വതന്ത്ര അന്വേഷണ പ്രക്രിയ അവസാനിച്ചു. അവലോകന കമ്മിറ്റിയുടേയും യു.കെ. റെഗുലേറ്ററായ എം.എച്ച്.ആര്‍.എയുടേയും ശുപാര്‍ശകളെ തുടര്‍ന്ന് രാജ്യത്തുടനീളം വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കും', ഓക്‌സ്ഫഡ് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു.

പരീക്ഷണത്തിന്റെ ഭാഗമായി 18,000 ത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ കുത്തിവെച്ചത്. ഇതില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചത്. യുകെയില്‍ വാക്‌സിന്‍ നിര്‍മാണത്തില്‍ സര്‍വകലാശാലയ്‌ക്കൊപ്പം കൈകോര്‍ക്കുന്നത് ഔഷധനിര്‍മാണ കമ്പനിയായ ആസ്ട്രസെനേകയാണ്.

ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്‌സ്ഫഡ് സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ പരീക്ഷണം നടത്തുന്നത്. യുകെയില്‍ വാക്‌സിന്റെ ട്രയല്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ പരീക്ഷണങ്ങളും നിര്‍ത്തിവെക്കുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.

Content Highlights: Covid-Oxford vaccine trial resumes after unexplained illness in volunteer