പ്രതീകാത്മക ചിത്രം | Photo: AP
ലണ്ടന്‍: കോവിഡ്-19നു കാരണമായ സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ (ഡബ്ല്യു.ഐ.വി.) നിന്നു ചോര്‍ന്നതാണെന്ന് അവിടെ പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രജ്ഞന്. വൈറസ് മനുഷ്യനിര്‍മിതമാണെന്നും യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന് ആന്‍ഡ്രൂ ഹഫ് അവകാശപ്പെട്ടു.
'ദ് ട്രൂത്ത് എബൗട്ട് വുഹാന്‍' എന്ന പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ ഈ അവകാശവാദം. യു.എസ്. സര്‍ക്കാരിന്റെ സഹായത്തോടെ വുഹാന്‍ ലാബില്‍ കൊറോണ വൈറസുകളെക്കുറിച്ചു നടത്തിയ ഗവേഷണത്തിന്റെ അനന്തരഫലമാണ് സാര്‍സ്-കോവി-2 എന്ന് ഹഫ് തന്റെ പുസ്തകത്തില്‍ പറയുന്നു. പുസ്തകത്തില്‍നിന്നുള്ള ഭാഗങ്ങള്‍ ബ്രട്ടീഷ് പത്രമായ 'ദ് സണ്‍' പ്രസിദ്ധീകരിച്ചു.
ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സന്നദ്ധസംഘടനയായ 'ഇക്കോഹെല്‍ത്ത് അലയന്‍സി'ന്റെ മുന്‍ വൈസ് പ്രസിഡന്റാണ് ഹഫ്. യു.എസ്. സര്‍ക്കാരിന്റെ വൈദ്യശാസ്ത്ര ഗവേഷണ ഏജന്‍സിയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹായധനത്തോടെ വവ്വാലുകളിലെ കൊറോണ വൈറസുകളെപ്പറ്റി പഠിക്കുന്ന സംഘടനയാണ് ഇക്കോഹെല്‍ത്ത് അലയന്‍സ്.
ഭാവിയില്‍ മനുഷ്യരുള്‍പ്പെടെയുള്ള ജീവികളെ ബാധിക്കാനിടയുള്ള വൈറസുകളെ ലാബില്‍ ഉണ്ടാക്കാനും അവ ബാധിച്ചാല്‍ എങ്ങനെ നേരിടാമെന്നു പഠിക്കാനും വര്‍ഷങ്ങളായി ഇക്കോഹെല്‍ത്ത് അലയന്‍സ് വുഹാന്‍ ലാബിനെ സഹായിക്കുന്നുണ്ട്.
വൈറസ് പൊട്ടിപ്പുറപ്പെട്ട അന്നുതന്നെ ഇത് ലാബിലുണ്ടാക്കിയതാണെന്ന് ചൈനയ്ക്ക് അറിയാമായിരുന്നുവെന്ന് ഹഫ് പറയുന്നു. അപകടകരമായ ജൈവസാങ്കേതികവിദ്യ ചൈനയ്ക്കു കൈമാറിയതില്‍ യു.എസ്. സര്‍ക്കാരിനെയും കുറ്റപ്പെടുത്തണമെന്നും ഹഫ് 'ദ് സണ്ണി'നോടു പറഞ്ഞു.
Content Highlights: COVID virus leak Wuhan lab
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..