ആംസ്റ്റര്‍ഡാം: ദക്ഷിണാഫ്രിക്കയില്‍നിന്ന് നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ വിമാനമിറങ്ങിയ 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ഷിഫോള്‍ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലുകളില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍നിന്നെത്തിയ രണ്ട് വിമാനങ്ങളിലെ യാത്രക്കാരാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്.

ദക്ഷിണാഫ്രിക്കയില്‍നിന്നെത്തിയതിന് പിന്നാലെ അറുന്നൂറോളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇവരില്‍ 61 പേരാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.പോസീറ്റിവ് ആയവരില്‍ ഒമിക്രോണ്‍ വകഭേദം ഉണ്ടോ എന്ന് അറിയാനായി കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന് ഡച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

നേരത്തെ ബെല്‍ജിയത്തിലും ജര്‍മനിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഒട്ടേറെത്തവണ ജനിതകവ്യതിയാനം  സംഭവിച്ച കോവിഡ് വൈറസ് വകഭേദമാണ് ഒമിക്രോണ്‍. മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒമിക്രോണ്‍ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിച്ചത് ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

പുതിയ കോവിഡ് തരംഗത്തില്‍ രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ച യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് നെതര്‍ലാന്‍ഡ്‌സ്. 85 ശതമാനം പേരും വാക്‌സിനെടുത്തിട്ടും കോവിഡ് കേസുകള്‍ ഉയര്‍ന്നതിനാല്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlights: Covid: Dozens test positive on SA-Netherlands flights