ബെയ്ജിങ്: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചൈനയിൽ കോവിഡ് പിടിമുറുക്കുകയാണ്. കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റയാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. ചൈനീസ് നഗരമായ നാന്‍ജിങ്ങില്‍ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റര്‍ ഇപ്പോള്‍ 20-ലേറെ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ യാത്രകളിലടക്കം കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയിരിക്കുകയാണ് ഭരണകൂടം.

ഞായറാഴ്ച മാത്രം 75 പുതിയ കോവിഡ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 53 എണ്ണവും പ്രാദേശിക സമ്പർക്കത്തിലൂടെയാണ്.

ലോകത്ത് കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈന വളരെ വേഗത്തിൽ തന്നെ കോവിഡ് പ്രതിസന്ധിയെ മറികടന്നിരുന്നു. പല രാജ്യങ്ങളും കോവിഡ് പ്രതിസന്ധി കാരണം അടച്ചിട്ടപ്പോൾ ചൈനയിലെ ജനജീവിതം സാധാരണഗതിയിലേക്ക് നീങ്ങിയിരുന്നു. എന്നാൽ കോവിഡിന്റെ ഡെൽറ്റാ വകഭേദം രാജ്യത്ത് കണ്ടെത്തിയത് ഇപ്പോൾ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. 

ഇതിന്റെ പശ്ചാത്തലത്തിൽ വ്യാപക കോവിഡ് പരിശോധനകളുമായി മുന്നോട്ട് പോവുകയാണ് ചൈന. നാൻജിങ് ഉൾപ്പെടുന്ന ജിയാങ്സു പ്രവിശ്യയിൽ മാത്രം 92 ലക്ഷം പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ഇതിൽ ലക്ഷക്കണക്കിന് പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ചൈനയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ നാന്‍ജിങിലോ ഷങ്ജിയാജിയിലോ അടുത്തിടെ സന്ദർശിച്ച 15 ലക്ഷം പേരെ കണ്ടെത്തി ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ. കോവിഡ് പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ചൈനയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.

ചൈനയിലെ മറ്റൊരു പ്രധാന സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹൈനാൻ ദ്വീപിലും നിങ്സിയ, ഷാൻഡോങ് പ്രവിശ്യകളിലും ഞായറാഴ്ച പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ പറഞ്ഞു. വിദേശത്ത് നിന്ന് വന്ന കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ആശുപത്രിയിലെ രണ്ട് ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹനാൻ പ്രവിശ്യയിലെ സെങ്‌ഷൗവിൽ കോവിഡിനൊപ്പം തന്നെ വെള്ളപ്പൊക്കവും പ്രതിസന്ധി തീർത്തിരിക്കുകയാണ്. പ്രാദേശിക സമ്പർക്കത്തിലൂടെ ഇവിടെ 27 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രവിശ്യയിൽ ഒരു കോടി പരിശോധനകൾ നടത്താൻ ഉത്തരവിട്ടിരിക്കുകയാണ് ഉദ്യോഗസ്ഥർ. കോവിഡ് പ്രതിരോധവീഴ്ചയെന്ന് ചൂണ്ടിക്കാട്ടി നഗരത്തിലെ ഹെൽത്ത് കമ്മീഷൻ തലവനെ പിരിച്ചു വിടുകയും ചെയ്തു.

വാക്സിനേഷൻ സ്വീകരിച്ച പലർക്കും വീണ്ടും രോഗം വന്നതായി പല പ്രവിശ്യകളിൽ നിന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് സാധാരണമാണെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.

കോവിഡ് വാക്സിൻ ഡെൽറ്റാ വകഭേദത്തിന് സംരക്ഷണം കുറഞ്ഞിരിക്കാം. എങ്കിലും നിലവിലെ വാക്സിൻ കോവിഡിനെതിരെ പ്രതിരോധവും സംരക്ഷണവും നൽകാൻ സഹായിക്കുന്നുവെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ വൈറോളജിസ്റ്റ് ഫെങ് സിജിയാൻ പറഞ്ഞു.

അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച വരെ ചൈനയിൽ 1.6 ബില്യണിലധികം ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ടെന്ന് ബീജിംങ് നാഷണൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു. 

Content Highlights: Covid delta variant: China Tests Millions, Imposes New Travel Restrictions