വിക്‌ടോറിയ: ജനസംഖ്യയുടെ ഭൂരിഭാഗം പേര്‍ക്കും വാക്‌സിന്‍ നല്‍കിയ ശേഷം രാജ്യത്തെ സജീവരോഗികളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധന സീഷെല്‍സിനെ ആശങ്കയിലാക്കുന്നു. മേയ് ഏഴ് വരെയുള്ള ഒരാഴ്ചക്കാലയളവില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ രോഗവ്യാപനം വര്‍ധിക്കുകയും സജീവരോഗികളുടെ എണ്ണം ഇരട്ടിയാവുകയും ചെയ്തതാണ് ആശങ്കയ്ക്ക് കാരണം. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കിയ രാജ്യമാണ് സീഷെല്‍സ്. 

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വാക്‌സിന്‍ പരാജയപ്പെട്ടോ എന്ന കാര്യം വിശദമായി വിശകലനം ചെയ്യാതെ പറയാനാവില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. സീഷെല്‍സിന്റെ കോവിഡ് സാഹചര്യത്തെ നിരീക്ഷിച്ച് വിലയിരുത്തല്‍ നടത്തി വരികയാണെന്ന് സംഘടന വ്യക്തമാക്കി. സീഷെല്‍സുമായി നേരിട്ട് ആശയവിനിമയം നടത്തിയതായും ജനിതകവ്യതിയാനം വന്ന വൈറസ് വകഭേദങ്ങള്‍ പോലെയുള്ള കാരണങ്ങള്‍ പൊടുന്നനെയുള്ള രോഗവ്യാപനത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും ലോകാരോഗ്യ സംഘടനയുടെ ഇമ്യൂണൈസേഷന്‍,വാക്‌സിന്‍സ് ആന്‍ഡ് ബയോളജിക്കല്‍ വകുപ്പ് ഡയറക്ടര്‍ കെയ്റ്റ് ഒ ബ്രയാന്‍ പറഞ്ഞു. 

രാജ്യത്തെ സജീവരോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചത്തേക്കാള്‍ ഇരട്ടിയായതായി ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.  2,486 സജീവരോഗികളാണ് സീഷെല്‍സില്‍ ഇപ്പോഴുള്ളത്. രോഗികളില്‍ 37 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. സീഷെല്‍സ് കൂടാതെ മാലദ്വീപിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. രണ്ട് രാജ്യങ്ങളുടേയും പ്രധാനവരുമാനമാര്‍ഗം ടൂറിസമാണ്. 

സീഷെല്‍സിലെ പൂര്‍ണ വാക്‌സിനേഷന്‍ നേടിയ പുതിയ രോഗികളില്‍ 57 ശതമാനം പേര്‍ സിനോഫാം വാക്‌സിന്‍ ആണ് സ്വീകരിച്ചത്. ബാക്കിയുള്ളവര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡ് വാക്‌സിന്‍ ലഭിച്ചു. വാക്‌സില്‍ സ്വീകരിച്ച ശേഷം രോഗബാധയുണ്ടായ ആരും തന്നെ കോവിഡ് മൂലം മരിച്ചിട്ടില്ലെന്ന് സീഷെല്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകയും സാമൂഹിക കൂടിച്ചേരലുകള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. 

ഒരു ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള സീഷെല്‍സ് തങ്ങളുടെ ജനതയ്ക്ക് വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ചൈനയുടെ പക്കല്‍ നിന്ന് ലഭിച്ച സിനോഫാമും ഇന്ത്യയില്‍ നിന്ന് കിട്ടിയ കോവിഷീല്‍ഡും ജനങ്ങള്‍ക്ക് വിജയകരമായി വിതരണം ചെയ്ത് മറ്റു രാജ്യങ്ങളെ സീഷെല്‍സ് പിന്നിലാക്കി. ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ കൊല്ലം തിരിച്ചറിഞ്ഞ കൊറോണ വൈറസിന്റെ  B .1.351 വകഭേദത്തെ ഫെബ്രുവരിയില്‍ സീഷെല്‍സില്‍ കണ്ടെത്തിയിരുന്നു. 

അസ്ട്രസെനകയുടെ വാക്‌സിന് ഈ വൈറസ് വകഭേദത്തിനെതിരെയുള്ള പ്രതിരോധ ശേഷി കുറവാണെന്ന് ഡാര്‍ട്ട്മൗത്ത് ഗെയ്‌സല്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ക്ലിനിക്കല്‍ പ്രൊഫസറായ ഡാനിയല്‍ ലൂസി പറയുന്നു. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും സംഭവിച്ച കോവിഡ് ബാധയെ കുറിച്ച്  ജെനറ്റിക് സ്വീക്വന്‍സിങ് വഴി താരതമ്യപഠനം നടത്തുമെന്നും ഡാനിയല്‍ ലൂസി വ്യക്തമാക്കി. കോവിഡിന്റ ആദ്യ തരംഗത്തിന് ശേഷം സന്ദര്‍ശകര്‍ ഒരു പരിധി വരെ നിയന്ത്രങ്ങള്‍ ലഘൂകരിച്ചതും സന്ദര്‍ശകര്‍ വര്‍ധിച്ചതും സീഷെല്‍സിലും മാല ദ്വീപിലും രോഗവ്യാപനത്തിന് ഇടയാക്കിയിട്ടുണ്ടാവുമെന്നാണ് വിദഗ്ധനിഗമനം. 

Content Highlights: Covid Cases Double In World's Most-Vaccinated Nation, Seychelles