സിഡ്നി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോളും ഓസ്ട്രേലിയയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 

നാല് ആഴ്ചയായി ലോക്ക്ഡൗണ്‍ തുടരുന്ന ന്യൂ സൗത്ത് വെയില്‍സില്‍ 110 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നഗരമായ സിഡ്നി ഉള്‍പ്പെടുന്ന വെയില്‍സില്‍ ഡെല്‍റ്റാ വൈറസിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. 

വിക്ടോറിയയില്‍ 22 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരുപക്ഷേ ലോക്ക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ കേസുകള്‍ ഇതിലും ഉയര്‍ന്നേക്കാമെന്ന് ന്യൂ സൗത്ത് വെയില്‍സ് ഭരണാധികാരി ഗ്ലാഡിസ് ബെരെജിക്ലിയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇനിയും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മഹാമാരി ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ഇതുവരെ രാജ്യത്തെ 11 ശതമാനം ആളുകള്‍ക്കാണ് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചിട്ടുളളത്. ആസ്ട്രസെനക്കാ വികസിപ്പിച്ച വാക്സിന്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും ഫൈസറിന്റെ വാക്സിന്‍ 40 വയസിന് മുകളിലുള്ളവര്‍ക്കുമാണ് വിതരണം ചെയ്യുന്നത്.

രാജ്യത്ത് നിലവില്‍ ഫൈസര്‍ വാക്സിന്‍ പ്രതിസന്ധി രൂക്ഷമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യമന്ത്രി ബ്രാഡ് ഹാസര്‍ഡ് പത്രസമ്മേളനത്തില്‍ പറഞ്ഞു.   

അതേസമയം മറ്റു വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡിനെ ഏറ്റവും നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞ രാജ്യമാണ് ഓസ്ട്രേലിയ. ഇതുവരെ 32,100 കേസുകളും 915 മരണങ്ങളുമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Content highlights: Covid cases are on a rise in Austraila amidst lockdown