ബോസ്റ്റണ്‍: യു.കെയിലും ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് വകഭേദങ്ങള്‍ക്ക് വാക്‌സിനുകള്‍ സൃഷ്ടിക്കുന്ന ആന്റിബോഡികള്‍ ഫലപ്രദമല്ലെന്ന് പഠനം. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് പുതിയ വൈറസുകള്‍ക്ക് ഫലപ്രദമല്ലെന്ന് ജേര്‍ണല്‍ സെല്ലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നത് ആന്റിബോഡികള്‍ തടയുന്നതിലുടെയാണ് വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കീ ലോക്കിലെന്ന പോലെ വൈറസിന്റെയും ആന്റിബോഡിയുടെയും രൂപം യോജിച്ചാല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളു. എന്നാല്‍ രൂപമാറ്റം സംഭവിച്ച വൈറസുകളില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ആന്റിബോഡികള്‍ക്ക് സാധിക്കില്ല. ഈ സാഹചര്യത്തില്‍ വൈറസിനെ തിരിച്ചറിയാനും തടയാനും ആന്റിബോഡികള്‍ക്ക് കഴിയാതെ വരുമെന്ന് പഠനത്തില്‍ പറയുന്നു.

ഇത്തരത്തില്‍ പഴയ വൈറസിലും പുതിയ വൈറസിലും ആന്റിബോഡികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന പരിശോധിച്ച ശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ഇത്തരത്തില്‍ നടത്തിയ പരീക്ഷണത്തില്‍ ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസ് വകഭേദം 20-40 ശതമാനം കൂടുതലായി ആന്റിബോഡികളുടെ വൈറസ് പ്രതിരോധത്തെ തടയുന്നതായി വ്യക്തമായി. ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസ് വകഭേദം 5 മുതല്‍ ഏഴ് ശതമാനം വരെയാണ് ആന്റിബോഡികളെ പ്രതിരോധിക്കുന്നത്.

എന്നാല്‍ ഇതുകൊണ്ട് വാക്‌സിനുകള്‍ ഈ വൈറസുകളെ പ്രതിരോധിക്കാന്‍ ഫലപ്രദമല്ലെന്ന് അര്‍ഥമാക്കുന്നില്ലെന്നും പഠനത്തില്‍ പറയുന്നു. ആന്റിബോഡികള്‍ക്ക് ഈ പുതിയ വകഭേദങ്ങളെ തിരിച്ചറിയുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നാണ് തങ്ങളുടെ കണ്ടെത്തലെന്നും വൈറസിനെ പ്രതിരോധിക്കാന്‍ ശരീരത്തിന് വേറെയും മാര്‍ഗങ്ങളുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 

പുതിയതലമുറ വാക്‌സിനുകള്‍ക്ക് ഈ വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ കഴിയുമെന്നും അത്തരം വാക്‌സിനുകള്‍ കണ്ടെത്താന്‍ തങ്ങളുടെ പഠനം സഹായിക്കുമെന്നുമാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

Content Highlights: COVID-19 vaccine-induced antibodies less effective against some coronavirus variants: Study