വാഷിങ്ടൺ: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസ് സ്റ്റാഫിന് കൊറോണബാധ സ്ഥിരീകരിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായോ വൈസ് പ്രസിഡന്റുമായോ ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെന്നും ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

'പ്രസിഡന്റ് ട്രംപുമായോ വൈസ് പ്രസിഡന്റ് പെന്‍സുമായോ രോഗബാധിതനായയാള്‍ അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ സമ്പര്‍ക്കപാത പരിശോധിച്ചുവരികയാണ്', പെന്‍സ് പ്രസ് സെക്രട്ടറി കാറ്റി മില്ലര്‍ അറിയിച്ചു.

വൈറ്റ് ഹൗസില്‍ ട്രംപ് പങ്കെടുത്ത പ്രസ് കോണ്‍ഫറന്‍സില്‍ പെന്‍സ് പങ്കെടുത്തിരുന്നു. കഴിഞ്ഞയാഴ്ച ട്രംപ് കൊറോണ ടെസ്റ്റിന് വിധേയനായിരുന്നു. നെഗറ്റീവ് ആയിരുന്നു ഫലം.

അമേരിക്കയില്‍ ഇതുവരെ 216 പേര്‍ കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചെന്ന് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 16600പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു.

content highlights: Covid 19, US Vice President Office Staffer Tests Positive, Mike pence