സോള്‍: ദക്ഷിണ കൊറിയയില്‍ കോവിഡിന്റെ രണ്ടാം വരവ് സ്ഥിരീകരിച്ചു. രാജ്യത്ത് മെയ്മാസത്തോടെ കോവിഡിന്റെ രണ്ടാം വരവ് ഉണ്ടായെന്നാണ് കൊറിയന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മേധാവി ജുങ് എന്‍ ക്യോങ് വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത 17 പുതിയ കോവിഡ് കേസുകള്‍ വിവിധ ഭാഗങ്ങളില്‍ നിന്നായതിനെ തുടര്‍ന്നാണ് രോഗവ്യാപനത്തിന്റെ രണ്ടാംവരവുണ്ടായെന്ന നിഗമനത്തില്‍ അധികൃതര്‍ എത്തിയത്.

ഏപ്രില്‍ മാസത്തോടെ രോഗത്തിന്റെ ആദ്യ വ്യാപനം അവസാനിച്ചതായും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രണ്ടാം വരവിന്റെ സൂചനകളാണെന്നുമാണ് കൊറിയന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ കണക്കുകൂട്ടുന്നത്. തലസ്ഥാനമായ സോളിലെ നൈറ്റ്ക്ലബ്ബില്‍ നിന്ന് പകര്‍ന്ന കേസുകള്‍ ഉള്‍പ്പെടെ രണ്ടാം വരവിന്റെ ഭാഗമായുള്ളതാണെന്നും ഇവര്‍ പറയുന്നു. 

കോവിഡിന്റെ വ്യാപനത്തെ വിജയകരമായി മറികടന്ന രാജ്യമായിരുന്നു ഇതുവരെ ദക്ഷിണ കൊറിയ. വന്‍തോതിലുള്ള വ്യാപനം കുറയുകയും അത് വളരെ കുറച്ച് കേസുകളിലേക്ക് എത്തുകയും ചെയ്തിരുന്നു. ദിനംപ്രതി ആയിരക്കണക്കിന് പുതിയ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന സ്ഥാനത്ത് ചില ദിവസങ്ങളില്‍ അടുപ്പിച്ച് പുതിയ കേസുകള്‍ ഇല്ലാതെ വന്നതോടെ രോഗവ്യാപനം നിയന്ത്രണത്തിലെത്തിയെന്നായിരുന്നു അനുമാനം. 

നിലവില്‍ ചെറിയതോതിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതിനാല്‍ രോഗത്തിന്റെ ആദ്യ തരംഗം അവസാനിച്ചില്ലെന്നായിരുന്നു ഇതുവരെ ദക്ഷിണ കൊറിയ വിശ്വസിച്ചിരുന്നത്. എന്നാല്‍ അതല്ല രണ്ടാം ഘട്ട വ്യാപനം തുടങ്ങിയെന്നാണ് ഇപ്പോള്‍ പുതിയ കണക്കുകളില്‍ കൂടി ലഭിക്കുന്ന സൂചനകൾ.

മെയിലെ ആദ്യ ആഴ്ചയിലെ വാരാന്ത്യ അവധിസമയത്ത് സോള്‍ കേന്ദ്രീകരിച്ച് പുതിയ അണുബാധയുടെ തുടക്കമുണ്ടായി എന്നാണ് ഇപ്പോഴത്തെ വിവരങ്ങള്‍. രോഗഭീതിയുടെ പശ്ചാത്തലത്തില്‍ ദീജിയോണ്‍, സൗത്ത് സോള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൂട്ടം ചേരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

പഴയതുപോലെ സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് സോള്‍ നഗരത്തിന്റെ മേയര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്തടുത്ത മൂന്ന് ദിവസങ്ങളില്‍ ശരാശരി 30 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ ആശുപത്രികളില്‍ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ പരിമിതപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നാണ് മേയറിന്റെ മുന്നറിയിപ്പ്.

അതേസമയം വീണ്ടും ഒരു ലോക്ക് ഡൗണിലേക്ക് പോകാന്‍ ഭരണാധികാരികള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ജനങ്ങള്‍ സ്വയം സന്നദ്ധരായി നിയന്ത്രണങ്ങള്‍ പാലിക്കണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. അതിനൊപ്പം രോഗ പരിശോധന വര്‍ധിപ്പിക്കുകയും രോഗബാധിതരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യുകയും വേണം. 

ദക്ഷിണ കൊറിയില്‍ ഇതുവരെ 280 ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ആകെ 12,000 ആളുകളിലാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 1,272 ആളുകളാണ് രോഗം ബാധിച്ച് അവിടെ ചികിത്സയിലുള്ളത്.

Content Highlights: Covid-19: South Korea confirms second wave of infections