ന്യൂയോര്‍ക്ക്: കോവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചതിലുണ്ടായ പിഴവ് മൂലം അമേരിക്കയില്‍ ഒരു സ്ത്രീയുടെ തലച്ചോറിലെ സ്രവം മൂക്കിലൂടെ പുറത്തെത്തിയതായി റിപ്പോര്‍ട്ട്. മൂക്കില്‍നിന്ന് സ്രവം ശേഖരിക്കുന്നതിനിടെ തലച്ചോറിന് സംഭവിച്ച ക്ഷതമാണ് ഇതിന് ഇടയാക്കിയതെന്ന് ജാമ ഓട്ടോലറിംഗോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

40 വയസ്സുള്ള സ്ത്രീയാണ് ഒരു ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി കോവിഡ് പരിശോധനയ്ക്ക് വിധേയായത്. മൂക്കില്‍നിന്ന് ശ്രവം ശേഖരിക്കുന്നതില്‍ പിഴവ് സംഭവിച്ചതിന്റെ ഫലമായി തലച്ചോറില്‍നിന്നുള്ള സ്രവം മൂക്കിലൂടെ പുറത്തുവരികയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഇവര്‍ക്ക് തലയോട്ടിയുമായി ബന്ധപ്പെട്ട അസുഖമുണ്ടായിരുന്നു. നിലവില്‍ അണുബാധ മൂലം ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ലോകത്തെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ സംഭവമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകനായ ജറെറ്റ് വാല്‍ഷ് പറയുന്നു.

സൈനസ് ശസ്ത്രക്രിയയ്ക്കും തലയോട്ടിയുമായി ബന്ധപ്പെട്ട മറ്റു ശസ്ത്രക്രിയകള്‍ക്കും വിധേയരായിട്ടുള്ളവരുടെ മൂക്കില്‍നിന്ന് സാമ്പിള്‍ ശേഖരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധവേണമെന്നും വായില്‍നിന്ന് സാമ്പിള്‍ ശേഖരിക്കണമെന്നും ഗവേഷകര്‍ പറയുന്നു. സാമ്പിള്‍ ശേഖരിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കേണ്ടതിന്റെയും സാമ്പിള്‍ ശേഖരിച്ച ശേഷം ശ്രദ്ധപുലര്‍ത്തേണ്ടതിന്റെയും ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്.

Content Highlights: COVID-19 nasal swab test causes brain fluid leak in US woman- Study