ന്യൂയോര്‍ക്കില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞിരിക്കുന്നു. 7000 പേരാണ് കോവിഡ് 19 ബാധിച്ച് ഇവിടെ മരിച്ചത്. പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം ഒരു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ അധികം കേസുകളാണ് ന്യൂയോര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 1,59,937 കേസുകള്‍. കോവിഡ് 19 ദുരന്തം വിതച്ച സ്‌പെയിനിലും(1,53,000) ഇറ്റലിയിലും(1,43,000) വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലും(82,000) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ അധികം. 

മരണസംഖ്യ ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി ഒരു വലിയ കുഴിമാടമൊരുക്കിയിരിക്കുകയാണ് ന്യൂയോര്‍ക്ക്. ന്യൂയോര്‍ക്കിലെ ഹാര്‍ട്ട് ഐലന്‍ഡിലാണ് വലിയ കുഴിമാടം തീര്‍ത്തിരിക്കുന്നത്. ശവസംസ്‌കാരത്തിനുള്ള ചെലവുവഹിക്കാന്‍ സാധിക്കാത്തവരോ ശവസംസ്‌കാരം നടത്താന്‍ അടുത്ത ബന്ധുക്കളില്ലാത്തവരോ ആയ ന്യൂയോര്‍ക്കുകാരുടെ ശവസംസ്‌കാരം നടത്താറുള്ള  ഇടമാണ് ഹാര്‍ട്‌ഐലന്‍ഡ്.

സുരക്ഷാ കവചമണിഞ്ഞ തൊഴിലാളികള്‍ വലിയ കുഴിയില്‍ കൂട്ടമായി ശവപ്പെട്ടികള്‍ അടക്കം ചെയ്യുന്നതിന്റെ ഡ്രോണ്‍ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശവപ്പെട്ടികള്‍ അടുക്കി വെച്ചിരിക്കുന്ന കുഴിമാടത്തിലേക്ക് ജോലിക്കാര്‍ ഇറങ്ങുന്നത് ഒരു ഗോവണിയുടെ സഹായത്താലാണ്. കുഴിമാടത്തില്‍ അടുക്കി വെച്ചിരിക്കുന്ന ശവപ്പെട്ടികള്‍ എല്ലാം തന്നെ കോവിഡ് 19 ബാധിച്ച് മരണപ്പെട്ടവരാണോ എന്ന കാര്യം വ്യക്തമല്ല.

നിലവിലെ പ്രതിസന്ധി മറികടക്കുന്നത് വരെ താല്ക്കാലികമായ ശവമടക്ക് രീതി അവലംബിച്ചേ മതിയാകൂ എന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡെ ബ്ലാസിയോ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അത് ഹാര്‍ട്ട് ഐലന്‍ഡ് തന്നെയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ചിത്രത്തില്‍ കാണുന്ന ശവപ്പെട്ടികള്‍ കോവിഡ് 19 രോഗികളുടേതാകാനാണ് സാധ്യതയെന്നാണ് കരുതുന്നത്. സാധാരണയായി റിക്കേഴ്‌സ് ഐലന്‍ഡിലെ തടവുകാരാണ് ശവമടക്ക് ജോലികള്‍ ചെയ്യാറുള്ളത്. എന്നാല്‍ മരണസംഖ്യ ഉയര്‍ന്നതോടെ കരാറുകാരെ ജോലി ഏല്‍പ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

യുഎസില്‍ മരണസംഖ്യ ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിലാകാന്‍ സാധ്യതയുണ്ടെന്നാണ് കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ നിലവില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ മരണസംഖ്യ 60,000 കടക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോവിഡ് 19 ടാസ്‌ക് ഫോഴ്‌സില്‍ അംഗമായ ഡോ. ആന്റണി ഫൗസി പറഞ്ഞു.

അസുഖബാധിതരായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുവോമോയും അവകാശപ്പെട്ടിരുന്നു. സാമൂഹിക അകലം പാലിക്കുന്നത് ഫലം ചെയ്യുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 16,500 മരണം ഉള്‍പ്പടെ 4,62,000 കേസുകളാണ് ഇതുവരെ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Content Highlights: Covid 19: mass grave in New York