ബെയ്ജിങ്: കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെ വീണ്ടും കോവിഡ് വ്യാപന ഭീഷണിയില്‍ ചൈന. ചൈനീസ് നഗരമായ നാന്‍ജിങ്ങില്‍ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റര്‍ ഇപ്പോള്‍ അഞ്ചോളം പ്രവിശ്യകളിലേക്കും ബെയ്ജിങ്ങിലേക്കും വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ ലോക്ഡൗണിലേക്ക് പ്രവേശിക്കാനുളള തയ്യാറെടുപ്പിലാണ് അധികൃതര്‍.

ലോകത്ത് ആദ്യമായി വുഹാനില്‍ കോവിഡ് 19 വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും കോവിഡ് വ്യാപനം തടയുന്നതില്‍ വിജയിക്കുകയും ചെയ്ത രാജ്യമാണ് ചൈന. എന്നാല്‍ ഇത്തവണ  ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാനമായ നാന്‍ജിങ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് 19 ഡെല്‍റ്റ വകഭേദംഅതിവേഗത്തിലാണ് വ്യാപിച്ചത്. 

ജൂലൈ 20ന് നാന്‍ജിങ് വിമാനത്താവളത്തിലെ ഒമ്പതോളം ശുചീകരണ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂലായ് പത്തിന് റഷ്യയില്‍ നിന്നുളള സിഎ 910 ഫ്‌ളൈറ്റ് ശുചീകരിച്ചത്  ഈ തൊഴിലാളികളാണെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ വെള്ളിയാഴ്ചയോടെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 184 ആയി ഉയര്‍ന്നു.

ദേശീയ തലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 206 കോവിഡ് കേസുകള്‍ നാന്‍ജിങ് കോവിഡ് ക്ലസ്റ്ററിലാണ്. ഇത് ഡെല്‍റ്റ വകഭേദമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജിയാങ്‌സു പ്രവിശ്യയില്‍ ആയിരക്കണക്കിന് ആളുകളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. നഗരത്തില്‍ 9.2 ദശലക്ഷം ആളുകളെ രണ്ടുതവണ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. 

നാന്‍ജിങ്ങില്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ നിരവധി പേര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് ഒരു മുതിര്‍ന്ന ഡോക്ടര്‍ വെളിപ്പെടുത്തി. ഇതോടെ ആഭ്യന്തര വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ചോദ്യങ്ങള്‍ ഉയർന്നിട്ടുണ്ട്.

മരണനിരക്ക് കുറയ്ക്കുകയും വ്യാപനം മന്ദഗതിയിലാക്കുകയുമാണ് ലക്ഷ്യമെങ്കില്‍ ചൈനീസ് വാക്‌സിന്‍ ഒരു പരിധി വരെ ഫലപ്രദമാണെന്ന് സാംക്രമിക രോഗ വിദഗ്ധനായ ഷാങ് വെന്‍ഹോങ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.