വാഷിങ്ടണ്‍: കോവിഡ് 19 ബാധിക്കുന്നവരില്‍ ന്യൂറോമസ്‌കുലാര്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തല്‍. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനായുളള തെറാപ്പികള്‍ മുന്‍പ് രോഗമുണ്ടായിരുന്നവരില്‍ ഈ രോഗലക്ഷണങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു.
കോവിഡ് 19- ന്യൂറോമസുകുലര്‍ അവസ്ഥ എന്നിവയെ കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് ആര്‍ആര്‍എന്‍എംഎഫ് എന്ന ന്യൂറോമസ്‌കുലാര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച അവലേകന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ പ്രസിദ്ധീകരിച്ച 547 ലേഖനങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ഗുരുതരമായ ന്യൂറോമസ്‌കുലര്‍ സങ്കീര്‍ണതകള്‍, വൈറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന അനന്തരഫലങ്ങള്‍, രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനായി നല്‍കുന്ന തെറാപ്പികള്‍ എല്ലാം വിശകലനം ചെയ്തുകൊണ്ടുളളതാണ് പഠനം.
കോവിഡ് 19-നെ തുടര്‍ന്നുളള ന്യൂറോമസ്‌കുലാര്‍ സങ്കീര്‍ണതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വര്‍ധനവുണ്ടെന്ന് പഠനത്തിന്റെ സഹരചയിതാവായ ഗില്‍ ഐ വോള്‍ഫ് പറഞ്ഞു. യുഎസ് ഉള്‍പ്പടെയുളള വിവിധ രാജ്യങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് ഗിയില്ലാന്‍ബറെ സിന്‍ഡ്രോം ബാധിക്കുന്നതായി വോള്‍ഫ് പറയുന്നു.
ബിജി സിന്‍ഡ്രോമിന് പുറമേ, മയോപതി, ഹൈപ്പര്‍കീമിയ എന്നീ ന്യൂറോമസ്‌കുലര്‍ സങ്കീര്‍ണതകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളതായി ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. മയസ്‌തെനിയ ഗ്രാവിസ് പോലുളള ന്യുറോമസ്‌കുലര്‍ അവസ്ഥകളുളളവര്‍ക്ക് കോവിഡ് 19 പോലുളള അണുബാധകള്‍ വേഗത്തില്‍ ഏല്‍ക്കാനുളള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇമ്യുണോ തെറാപ്പി പോലുളള ചികിത്സകള്‍ ഇവരില്‍ അപകടസാധ്യതകള്‍ ഉയര്‍ത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Content Highlights:Covid 19 can bring on neuromuscular complications in patients who previously had none