വത്തിക്കാന്‍സിറ്റി: കൊറോണ പ്രതിസന്ധിക്കിടെ കര്‍ദിനാള്‍മാരും വൈദികരും ഉള്‍പ്പടെയുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്റെ ഔദ്യോഗിക മാധ്യമം 'ദ റോമന്‍ ഒബ്‌സര്‍വറി'ല്‍ പ്രസിദ്ധീകരിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഏപ്രില്‍ മുതല്‍ കര്‍ദിനാള്‍മാരുടെ ശമ്പളം 10 ശതമാനം വെട്ടിക്കുറയ്ക്കും. വിവിധ വകുപ്പുകളുടെ തലവന്മാരുടെ ശമ്പളം എട്ട് ശതമാനവും മറ്റുവൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളം മൂന്ന് ശതമാനവും കുറയും.

വത്തിക്കാന്റെ സാമ്പത്തിക സ്രോതസുകള്‍ അടുത്തിടെയായി കുറഞ്ഞ് വരികയാണ്. കൊറോണ പ്രതിസന്ധി ഇത് രൂക്ഷമാക്കി. ഈ സാഹചര്യത്തില്‍ തൊഴില്‍ സംരക്ഷിക്കാനാണ് വേതനം കുറയ്ക്കുന്നതെന്നാണ് മാര്‍പാപ്പ പുറത്തിറക്കിയ ഉത്തരവിലെ വിശദീകരണം.

കോവിഡ് വ്യാപത്തെ തുടര്‍ന്ന് ടൂറിസം മേഖലയ്ക്കുണ്ടായ തിരിച്ചടിയാണ് വത്തിക്കാന്റെയും സാമ്പത്തിക മേഖലയെ പ്രതിസന്ധിയിലാക്കിയത്. വത്തിക്കാന്‍ മ്യൂസിയത്തില്‍ നിന്നും മറ്റ് ടൂറിസം കേന്ദ്രങ്ങളില്‍ നിന്നുമുള്ള വരുമാനം ഗണ്യമായി കുറഞ്ഞു. മാര്‍പാപ്പയുടെ കീഴിലുള്ള റോമിലെ മറ്റ് ബസലിക്കകളിലും വേതനക്കുറവ് നടപ്പിലാക്കും.

Content Highlights: Coronavirus: Pope gives order to slash salaries of Vatican staff