-
ന്യൂഡല്‍ഹി: നാല്‍പത് കൊല്ലത്തിനിടയിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ നീങ്ങുന്നതെന്ന് ലോകബാങ്ക്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനെതിരെ പതിറ്റാണ്ടുകളായി നടത്തി വന്നിരുന്ന പോരാട്ടത്തിന് കൊറോണവൈറസ് മൂലമുണ്ടായ ആഗോളപ്രതിസന്ധിയെ തുടര്‍ന്ന് മാന്ദ്യമുണ്ടായേക്കാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി.
ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, കൂടാതെ മറ്റ് ചെറിയ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം കുറവാണെങ്കിലും അടുത്ത ഹോട്ട് സ്‌പോട്ടുകള്‍ ഈ രാജ്യങ്ങളാവാന്‍ സാധ്യതയുള്ളതായി ലോകബാങ്ക് പറഞ്ഞു. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങള്‍ സ്ഥിതിചെയ്യുന്ന ഏഷ്യന്‍ രാജ്യങ്ങളാണിവ. 1.8 ബില്യണ്‍ ജനങ്ങളാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഉള്ളത്.
ലോകവ്യാപക ലോക്ക്ഡൗണുകള്‍ സാധാരണ ജനജീവിതത്തില്‍ സൃഷ്ടിച്ച നിശ്ചലാവസ്ഥ ഗുരുതരമായി ബാധിച്ചത് തൊഴിലാളികളെയാണ്. വ്യാവസായിക-സാമ്പത്തിക മേഖലകള്‍ അഭിമുഖീകരിച്ച അനിശ്ചിതാവസ്ഥയില്‍ നിരവധി പേരാണ് തൊഴില്‍രഹിതരായത്.
വൈറസ് വ്യാപനം ടൂറിസം മേഖലയെ സാരമായി ബാധിച്ചു. ഏഷ്യയിലെ മിക്ക രാജ്യങ്ങളുടേയും പ്രധാന വരുമാനസ്രോതസ് ടൂറിസം മേഖലയാണ്. ഈ രാജ്യങ്ങളിലെ സാമ്പത്തിക അടിത്തറയെ പ്രതികൂലമായി ബാധിക്കാനിടയുള്ളതാണ് ടൂറിസം മേഖലയിലുണ്ടായ തിരിച്ചടി. നിര്‍മാണമേഖലയില്‍ പ്രത്യേകിച്ച് വസ്ത്രനിര്‍മാണ-കയറ്റുമതി മേഖലയിലുണ്ടായ തിരിച്ചടിയും ഈ രാജ്യങ്ങളെ ബാധിക്കുമെന്നുറപ്പ്.
കോവിഡ് വ്യാപനത്തിന് മുമ്പ് തന്നെ ഈ രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ നേരിയ കുറവുണ്ടാകുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇനിയത് ആറു ശതമാനത്തിലേറെയാവുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ടൂറിസം മേഖലയിലുണ്ടായ തിരിച്ചടി മാലദ്വീപിന്റെ വരുമാനത്തില്‍ 13 ശതമാനത്തോളം കുറവ് വരുത്തിയേക്കുമെന്നാണ് സൂചന. ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് സമ്പദ്‌വ്യവസ്ഥകള്‍ നീങ്ങുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യങ്ങള്‍ അഭിമുഖീകരിക്കാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്. ദിവസവേതനക്കാരായ തൊഴിലാളികളും സാധാരണ തൊഴിലാളികളും നേരിടേണ്ടി വരുന്നത് കടുത്ത പ്രതിസന്ധിയാണെന്ന് ലോകബാങ്ക് പറയുന്നു. തൊഴിലാളികള്‍ക്ക് സാമ്പത്തികപിന്തുണയും പ്രത്യേകപരിഗണനയും നല്‍കുന്ന നയങ്ങള്‍ രൂപീകരിച്ച് നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഉണ്ടാവുന്ന സാഹചര്യമാണ് രാജ്യങ്ങള്‍ നേരിടാനൊരുങ്ങുന്നതെന്ന് ലോകബാങ്ക് പറഞ്ഞു. മറിച്ചായാല്‍ സാമൂഹിക അസന്തുലിതാവസ്ഥ രൂക്ഷമാവുമെന്നും ലോകബാങ്ക് അറിയിച്ചു.
content highlights: Coronavirus Pandemic Going To Hit Adverse On South Asia Warns World Bank
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..