ബെയ്ജിങ്:  കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നതിനിടെയും ജീവന്‍പണയം വെച്ച് രോഗികളെ ശുശ്രൂഷിക്കുകയാണ് ചൈനയിലെ ആരോഗ്യപ്രവര്‍ത്തകര്‍. പ്രത്യേകിച്ച് വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍. രാവുംപകലുമില്ലാതെ ആശുപത്രികളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ നമുക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. എന്നാല്‍ ഇത്രയധികം കഷ്ടതകള്‍ അനുഭവിക്കുമ്പോഴും തങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ജനക്കൂട്ടമാണ് പലയിടത്തുമുള്ളതെന്ന് വുഹാനിലെ ഡോക്ടര്‍മാര്‍ പറയുന്നു. 

മതിയായ സുരക്ഷാസംവിധനങ്ങളില്ലാത്തത്തിന് പിന്നാലെയാണ് രോഗികളുടെ ഭാഗത്തുനിന്നുള്ള ആക്രോശവും ആക്രമണവുമെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു. വുഹാന്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ കഴിഞ്ഞ രണ്ടാഴ്ചയായി സ്വന്തം വീട്ടില്‍ പോയിട്ടില്ല. ദിവസവും 150 ലേറെ രോഗികളെ പരിചരിക്കുന്ന ഇദ്ദേഹം രാവുംപകലും ഷിഫ്റ്റ് പോലും നോക്കാതെ രോഗികളെ ചികിത്സിക്കുന്നു. ചികിത്സ തേടിയെത്തുന്നവര്‍ക്ക് അതിയായ ഉത്കണ്ഠയുണ്ടെന്നും പലപ്പോഴും മണിക്കൂറുകള്‍ വരിനിന്നാണ് അവര്‍ക്ക് ചികിത്സാസൗകര്യം ലഭ്യമാകുന്നതെന്നുമാണ് ഇദ്ദേഹം പറയുന്നത്. 

'ഇതിനൊപ്പം ചിലര്‍ തങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് തീര്‍ത്തും അപലപനീയമാണ്. മണിക്കൂറുകളോളം വരിനിന്ന ഒരു രോഗി ഞങ്ങളെ കുത്തിക്കൊല്ലുമെന്നാണ് പറഞ്ഞത്. ഇത് കേട്ടതോടെ ഞാന്‍ പരിഭ്രാന്തനായി. ഞങ്ങളെ കൊലപ്പെടുത്തിയതുകൊണ്ട് എങ്ങനെ നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും'- ഡോക്ടര്‍ ചോദിച്ചു. 

കഴിഞ്ഞദിവസം വുഹാനിലെ നാലാംനമ്പര്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെയാണ് രോഗിയുടെ ബന്ധു ആക്രമിച്ചത്. അതീവജാഗ്രത പാലിക്കേണ്ട ആശുപത്രിയില്‍വെച്ച് അയാള്‍ ഡോക്ടറുടെ മാസ്‌കും മറ്റും വലിച്ചുകീറി. വികാരങ്ങള്‍ ഉണ്ടാവും, പക്ഷേ, ആശുപത്രികളിലെല്ലാം ഉള്‍ക്കൊള്ളാവുന്നതിന്റെ പരാമവധി രോഗികള്‍ ജനുവരി മുതല്‍ തന്നെയുണ്ടെന്നും ഡോക്ടര്‍ പറയുന്നു. 

ആവശ്യത്തിന് കിടക്ക പോലും ലഭ്യമല്ലാത്ത അവസ്ഥയാണ് പല ആശുപത്രികളിലുള്ളതെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഡോക്ടര്‍ സൗത്ത് ചൈന മോണിങ് പോസ്റ്റിനോട് പറഞ്ഞു  

കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 259 പേരാണ് ചൈനയില്‍ മരിച്ചത്. പതിനൊന്നായിരത്തിലധികം പേരില്‍ വൈറസ് ബാധ ഇതിനോടകം സ്ഥിരീകരിച്ചു. കൊറോണ വൈറസ് മറ്റുരാജ്യങ്ങളിലും സ്ഥിരീകരിച്ചതോടെ ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം ആഗോള അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. 

Content Highlights: coronavirus in wuhan; doctors beaten up in hospitals