ബെയ്ജിങ്: ചൈനയില്‍ ഐസ്‌ക്രീമിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതിനേ തുടര്‍ന്ന് ആയിരക്കണക്കിന് ഐസ്‌ക്രീം പായ്ക്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. ഐസ്‌ക്രീം നിര്‍മിച്ച കമ്പനിയിലെ ജീവനക്കാരെ ക്വാറന്റീനിലേയ്ക്ക് മാറ്റുകയും ചെയ്തു. 

വടക്കന്‍ ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റി പ്രദേശത്ത് നിന്നാണ് ഇത്തരത്തിലുള്ള ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ടിയാന്‍ജിന്‍ ഡാകിയോഡാവോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്‌ക്രീമുകളുടെ ബാച്ചുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് റപ്പോര്‍ട്ടുകള്‍.

ഐസ്‌ക്രീമിന്റെ 2,089 ബോക്‌സുകള്‍ കമ്പനി നശിപ്പിച്ചു. എന്നാല്‍ കമ്പനിയുടെ 4836  ഐസ്‌ക്രീം ബോക്സുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഐസ്‌ക്രീം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇവരോട് അവരുടെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

വാര്‍ത്തകള്‍ വന്നതോടെ കമ്പനിയിലെ 1600 ഓളം ജീവനക്കാരെ ക്വാറന്റീനിലേയ്ക്ക് മാറ്റുകയും കോവിഡ്  പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. ഇവരില്‍ 700 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 962 പേരുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്. 

ഐസ്‌ക്രീമില്‍ വൈറസ് നിലനില്‍ക്കാനുണ്ടായ സാഹചര്യം പഠനത്തിന് വിധേയമാക്കുന്നുണ്ട്. താപനില കുറവായതിനാല്‍ വൈറസ് നിലനിന്നു എന്നാണ് അനുമാനം. രോഗം ബാധിച്ച ഏതെങ്കിലുമൊരു വ്യക്തിയില്‍ നിന്നാകാം ഐസ്‌ക്രീം ബോക്‌സികളിലേക്ക് വൈറസ് എത്തിയതെന്നാണ് കരുതുന്നത്.

Content Highlights: Coronavirus found in China ice cream samples, thousands of boxes seized