-
ബെയ്ജിങ്: 2019 നോവല്‍ കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. വിവിധ രാജ്യങ്ങളിലായി 7711 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍, മരണസംഖ്യയും രോഗം ബാധിച്ചവരുടെ എണ്ണവും ഔദ്യോഗിക കണക്കുകളെക്കാള്‍ ഏറെയാണെന്ന് ആശങ്കകളുണ്ട്. 124 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടതായും ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. 17 രാജ്യങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
ഇതിനിടെ ഗൂഗിള്‍ ചൈനയിലെ എല്ലാ ഓഫീസുകളും അടിയന്തരമായി അടച്ചുപൂട്ടി. ഹോംങ്കോംങിലേയും തായ്വാനിലേയും ഓഫീസുകളും ഇതിനൊപ്പം അടച്ചിട്ടുണ്ട്. കൊറോണവൈറസ് ചൈനയുടെ സാമ്പത്തിക മേഖലയേയും ബാധിക്കുന്നതിന്റെ സൂചനയാണിത്. മക് ഡൊണാള്‍ഡിന്റേതടക്കമുള്ള നിരവധി റെസ്റ്റോറന്റുകളും ഇതിനോടകം അടച്ചുപൂട്ടിയിട്ടുണ്ട്.
വുഹാനിലുള്ള നാല് പാകിസ്താനിവിദ്യാര്ഥികള്ക്കും ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തുദിവസത്തിനുള്ളില്‍ വൈറസ് ബാധ ഏറ്റവുംരൂക്ഷമായ തലത്തിലെത്തുമെന്നും അതിനുശേഷം സ്ഥിതി നിയന്ത്രണവിധേയമാകുമെന്നും ചൈനയിലെ ഉന്നത ആരോഗ്യവിദഗ്ധന്‍ ജോങ് നാന്‍ഷാന്‍ പറഞ്ഞു.
ബ്രിട്ടീഷ് എയര്‍വേസ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, കാത്തേ പസഫിക്, ലയണ്‍ എയര്‍ എന്നീ അന്താരാഷ്ട്ര വിമാനസര്‍വീസ് കമ്പനികള്‍ ചൈനയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. യു.എസ്., ജപ്പാന്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, മൊറോക്കോ, ജര്‍മനി, കസാഖ്സ്താന്, ബ്രിട്ടന്, കാനഡ, റഷ്യ, നെതര്‍ലന്‍ഡ്സ്, മ്യാന്മാര്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ വുഹാനില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ വിമാനത്തില്‍ തിരിച്ച് നാട്ടിലെത്തിച്ചു. ഇവരെ നിരീക്ഷണത്തിനായി താത്കാലിക കേന്ദ്രങ്ങളിലേക്കാണയച്ചത്.
വാക്സിന് വികസിപ്പിക്കാന്‍ കൈകോര്‍ത്ത് ചൈനയും റഷ്യയും
വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന് കണ്ടെത്താനുള്ള ശ്രമത്തില്‍ ചൈന റഷ്യയുടെ സഹായം തേടിയിട്ടുണ്ട്. വൈറസിന്റെ ജനിതകഘടന ചൈന റഷ്യയ്ക്ക് കൈമാറിയതായി റഷ്യന്‍ ഔദ്യോഗികമാധ്യമം ബുധനാഴ്ച റിപ്പോര്‍ട്ടുചെയ്തു. വാക്സിന് കണ്ടെത്താനുള്ള ശ്രമം തങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍, അതിന് മൂന്നുമാസത്തോളം വേണ്ടിവരുമെന്നും യു.എസ്. വ്യക്തമാക്കി.
എന്നാല്‍, ഇതിനകം തങ്ങള്‍ വാക്സിന് കണ്ടെത്തിയതായി ഹോങ് കോങ് പകര്‍ച്ചവ്യാധി വിദഗ്ധന്‍ യുവെന് ക്വോക്ക് യങ് അവകാശപ്പെട്ടു. എന്നാല്‍, മൃഗങ്ങളില്‍ ഈ മരുന്ന് പരീക്ഷിക്കാന്‍ ഇനിയും മാസങ്ങളും മനുഷ്യനില്‍ പരീക്ഷിക്കാന്‍ ഒരുവര്‍ഷവും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Coronavirus death toll rises to 170-Google temporarily shutting down all China offices
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..