ജനീവ: കൃത്യമായ ആരോഗ്യ സംരക്ഷണ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ കോവിഡ് മഹാമാരി കൂടുതല്‍ വഷളാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അടിസ്ഥാന കാര്യങ്ങള്‍ പോലും പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ വഷളാകുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.

പല രാജ്യങ്ങളും തെറ്റായ ദിശയിലാണ് പോകുന്നതെന്നും വൈറസ് ഇപ്പോഴും പൊതുശത്രുവായി തുടരുകയാണെന്നും ഗബ്രിയേസസ് പറഞ്ഞു. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത 230,000 പുതിയ കേസുകളില്‍ 80 ശതമാനവും 10 രാജ്യങ്ങളില്‍ നിന്നുള്ളവയാണെന്നും ഇതില്‍ 50 ശതമാനം കേവലം രണ്ട് രാജ്യങ്ങളില്‍ നിന്നുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അമേരിക്കയിലെ ചില സ്ഥലങ്ങളില്‍ പരിമിതമായതോ ഭൂമിശാസ്ത്രപരമോ ആയ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്ന് ഡബ്ലു.എച്ച്.ഒ എമർജൻസീസ് വിഭാഗം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. ഇത് പ്രത്യേക പ്രദേശങ്ങളില്‍ രോഗം പടരുന്നത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകള്‍ തുറക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.

ലോകത്ത് 1.30 കോടിയിലധികം ആളുകള്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലുമാണ് രോഗം ഏറ്റവും മോശമായി ബാധിച്ചത്.

Content Highlights: Coronavirus crisis may get worse, worse and worse, WHO warns