മരണസംഖ്യ കൂടുന്നു- കൊറോണ വൈറസ് ഭീതിയില്‍ ചൈന; ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?


2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലെ ഹൂബൈ പ്രവിശ്യയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ന്യൂമോണിയയ്ക്ക് സമാനമായിരുന്നു രോഗം. ദിവസങ്ങള്‍ക്കുളളില്‍ 65 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു.

Representational Image |AFP

ചൈനയിലെ അജ്ഞാത വൈറസ് ബാധയെ തുടര്‍ന്ന് മൂന്ന് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഇന്ത്യക്കാരിയില്‍ ഉള്‍പ്പെടെ വൈറസ് ബാധ സ്ഥിരീകരിച്ചത് 201 പേരിലാണെങ്കിലും 1700-ലധികം പേര്‍ക്ക് ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ എം.ആര്‍.സി. സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് അനാലിസിസിലെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയത്. രോഗവ്യാപനത്തിന്റെ തോത് ഇനിയും കൂടുമെന്നുള്ള അനൗദ്യോഗിക കണക്കുകള്‍ വേറെയും പുറത്തുവരുന്നു. അജ്ഞാതവൈറസ് ബാധ മരണത്തില്‍ വരെ കലാശിച്ചേക്കാം എന്നതിനാല്‍ ആശങ്കയുണര്‍ത്തുകയാണ് ഈ കണക്കുകള്‍.

കൊറോണ വൈറസ് തന്നെയോ?

കൊറോണ വൈറസ് കുടുംബത്തിലെ അജ്ഞാത വൈറസാണ് രോഗം പടര്‍ത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. 2003-2004 വര്‍ഷങ്ങളില്‍ ചൈനയിലും ഹോങ്കോങ്ങിലുമായി നൂറുകണക്കിനാളുകളുടെ മരണത്തിനിടയാക്കിയ സാര്‍സ് വൈറസുമായി ഈ അജ്ഞാത വൈറസിന് സാമ്യമുണ്ടെന്നാണ് പ്രാഥമികമായി കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയില്‍ കൊറോണ വൈറസ് വിഭാഗത്തില്‍പ്പെട്ട നോവല്‍ കൊറോണ വൈറസ്.(ncov-2019) രോഗകാരണമെന്ന് കണ്ടെത്തി. വൈറസ് ബാധ മരണത്തിനു വരെ കാരണമാവുന്നു എന്നതിനാല്‍ അതീവജാഗ്രതാ നിര്‍ദേശമാണ് രാജ്യത്ത് പുറപ്പെടുവിച്ചിരിക്കുന്നത്. വുഹാന്‍ കൊറോണ വൈറസ്, ചൈനീസ് ന്യൂമോണിയ, വുഹാന്‍ ന്യുമോണിയ, 2020 നോവല്‍ കോറോണ വൈറസ് എന്നീ പേരുകളിലും രോഗം അറിയപ്പെടുന്നു.

വുഹാനില്‍ തുടങ്ങി അമേരിക്ക വരെ

2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലെ ഹൂബൈ പ്രവിശ്യയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ന്യൂമോണിയയ്ക്ക് സമാനമായിരുന്നു രോഗം. ദിവസങ്ങള്‍ക്കുളളില്‍ 200ലേറെ പേരില്‍ രോഗബാധ സ്ഥിരീകരിച്ചു. വുഹാനിലെ കടല്‍വിഭവ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവരിലാണ് രോഗബാധ കൂടുതല്‍ സ്ഥിരീകരിച്ചത്. പരിശോധനയില്‍ ഇക്കാര്യം കണ്ടെത്തിയതോടെ ജനുവരി ആദ്യവാരം ഈ മാര്‍ക്കറ്റ് അടച്ചുപൂട്ടി. എന്നാല്‍ മാര്‍ക്കറ്റുമായി ബന്ധപ്പെടാത്തവരിലും രോഗബാധ സ്ഥിരീകരിച്ചതോടെയാണ് അജ്ഞാത വൈറസിന്റെ ആക്രമണത്തെ ലോകം ഏറെ ഭയന്നുതുടങ്ങിയത്. പിന്നീട് 2020 ജനുവരി പകുതിയോടെ ചൈനയ്ക്ക് പുറമേ തായ്‌ലന്‍ഡിലും ജപ്പാനിലും സൗത്ത് കൊറിയയിലും ഏറ്റവും ഒടുവിലായി അമേരിക്കയിലും യാത്രക്കാരായെത്തിയ മൂന്ന് പേരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ചൈനയില്‍ നിന്നെത്തിയവരാണെന്നാണ് കണ്ടെത്തല്‍.

seafood market
വുഹാനിലെ സീഫുഡ് മാര്‍ക്കറ്റ് ഒഴിപ്പിച്ചു പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു

എങ്ങനെ പകരുന്നു?

വൈറസ് ബാധയുള്ള മൃഗങ്ങളുമായുള്ള സമ്പര്‍ക്കമാണ് രോഗവ്യാപനത്തിന് കാരണം. വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്നു. എന്നാല്‍ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ചൈനയിലെ ആരോഗ്യവകുപ്പിന്റെ വിശദീകരണം.

മൂന്ന് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ന്യുമോണിയ ഗുരുതരമാവുന്നതുപോലെയാണ് രോഗം. പള്‍മണറി ട്യൂബര്‍കുലോസിസ് ആയി ആരംഭിക്കുകയും പിന്നീട് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നു.

വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മില്‍ പത്ത് ദിവസത്തിന്റെ ഇടവേളയുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. 5-6 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയേക്കാം.

corona virus

വൈറസ് ബാധിതരില്‍ ഇന്ത്യാക്കാരിയായ അധ്യാപികയും

അജ്ഞാത വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഇന്ത്യന്‍ സ്‌കൂള്‍ ടീച്ചറും ഉള്‍പ്പെടുന്നു. ഷെന്‍സെന്‍ നഗരത്തിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപികയായ പ്രീതി മഹേശ്വരി (45) ആണ് പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ചൈനയില്‍ പടരുന്ന അജ്ഞാത വൈറസ് ബാധിക്കുന്ന ആദ്യ വിദേശിയും ഈ അധ്യാപികയാണ്. വൈറസ് ബാധ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി പ്രീതി മഹേശ്വരിയുടെ ഭര്‍ത്താവ് അന്‍ഷുമാന്‍ ഖോവല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഭാര്യ അബോധാവസ്ഥയിലാണ് കഴിയുന്നതെന്നും രോഗം ഭേദമാകാന്‍ ദീര്‍ഘകാലം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും ഖോവല്‍ വ്യക്തമാക്കി.

ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണി

ചൈനയിലെ വുഹാനാണ് വൈറസിന്റെ പ്രഭവകേന്ദ്രമെങ്കിലും ചൈനയ്ക്ക് പുറമേ തായ്‌ലന്‍ഡിലും ജപ്പാനിലും സൗത്ത് കൊറിയയിലുമായി നാല് പേരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയില്‍ നിന്നും വിനോദസഞ്ചാരികളായി എത്തിയവരാണ് ഇതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇവര്‍ക്ക് സീഫുഡ് മാര്‍ക്കറ്റുമായി ബന്ധമില്ലായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. വൈറസ് എത്രത്തോളം അപകടകരമായി വ്യാപിക്കുന്നുവെന്നതിന്റെ ഉള്‍ക്കാഴ്ചയാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.

ചൈനയുടെ ലൂണാര്‍ പുതുവര്‍ഷാഘോഷവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ രാജ്യത്തിന് പുറത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയിട്ടുണ്ടാവാം. ഇതുപ്രകാരം ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളും രോഗവ്യാപനത്തിന്റെ സാധ്യതപട്ടികയിലാണുള്ളത്.

വിമാനത്താവളങ്ങളില്‍ പരിശോധന

വുഹാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദിവസം 3400-ലേറെപ്പേരാണ് വിദേശത്തേക്ക് യാത്രചെയ്യുന്നത്. നിലവില്‍ ചൈന യാത്രാനിയന്ത്രണങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം സുരക്ഷാഭീഷണി പരിഗണിച്ച് യു.എസും ഹോങ്‌കോങ്ങും വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാന്‍ തുടങ്ങി. ചൈനയില്‍നിന്ന് നേരിട്ട് വിമാനങ്ങളെത്തുന്ന സാന്‍ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക്, ലോസ് ആഞ്ജലിസ് വിമാനത്താവളങ്ങളിലാണ് പരിശോധന. ചൈനയില്‍നിന്നെത്തുന്നവരെ വിമാനത്താവളങ്ങളില്‍ പരിശോധിക്കുന്നതായി തായ്‌ലാന്‍ഡും ഹോങ്‌കോങ്ങും വ്യക്തമാക്കി.

infection

ആശങ്കാജനക​മെന്ന് മുന്നറിയിപ്പ്

ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ എം.ആര്‍.സി. സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് അനാലിസിസിലെ ശാസ്ത്രജ്ഞരാണ് പുതിയ കൊറോണ വൈറസിനെ സംബന്ധിച്ച പഠനങ്ങള്‍ നടത്തുന്നത്.
ബ്രിട്ടീഷ് സര്‍ക്കാരിന്റെയും ലോകാരോഗ്യസംഘടനയുടെയും ഉപദേശകസംഘടനയാണിത്.

കാര്യങ്ങള്‍ ആശങ്കാജനകമാകുകയാണെന്ന് പഠനം നടത്തിയ സംഘത്തിലെ ഡിസീസ് ഔട്ട്‌ബ്രേക്ക് ശാസ്ത്രജ്ഞന്‍ പ്രൊഫ. നീല്‍ ഫെര്‍ഗ്യൂസണ്‍ പറഞ്ഞു. ''വൈറസ് തായ്‌ലാന്‍ഡിലേക്കും ജപ്പാനിലേക്കും പടര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ കൂടുതല്‍ കേസുകള്‍ ഇനിയുമുണ്ടാവാം'' -ഫെര്‍ഗ്യൂസണ്‍ പറഞ്ഞു. വൈറസ് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടരുന്നുവെന്ന് കണ്ടെത്താനായിട്ടില്ലെന്നും എന്നാല്‍, അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ചൈനീസ് അധികൃതരും പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ചൈന; മുന്‍കരുതലുമായി ഏഷ്യന്‍ രാജ്യങ്ങള്‍

വ്യാപക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ചൈനീസ് ആരോഗ്യമന്ത്രാലയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വുഹാനിലെ കടല്‍വിഭവ വിപണനശാല അടച്ചുപൂട്ടുകയാണ് ആദ്യംചെയ്തത്.

പൊതുജനാരോഗ്യസുരക്ഷയ്ക്കായുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നതായി വുഹാന്‍ ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കി. രോഗം പകരാതിരിക്കാനുള്ള സുരക്ഷാനടപടികള്‍ സ്വീകരിക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മേഖലയിലെ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രങ്ങളെല്ലാം ആരോഗ്യ-മൃഗവകുപ്പിന്റെ നിരീക്ഷണത്തിലാണുള്ളത്.

ലൂണാര്‍ ന്യൂഇയര്‍ ആഘോഷങ്ങള്‍ നടക്കാനിരിക്കെ രോഗം രാജ്യത്തിന് പുറത്തേക്ക് വ്യാപിക്കുമെന്നതാണ് വലിയൊരു ആശങ്ക.

ദിവസവും 3400ലേറെപ്പേര്‍ യാത്ര ചെയ്യുന്ന വുഹാന്‍ വിമാനത്താവളത്തില്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകള്‍ സ്ഥാപിച്ചു. യാത്രക്കാരുടെ ശരീരതാപനില നിരീക്ഷിക്കുകയാണ് ലക്ഷ്യം. ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യാനാണ് തീരുമാനം.

മുന്‍കരുതലിന്റെ ഭാഗമായി യുഎസ് അടക്കമുള്ള വിദേശരാജ്യങ്ങള്‍ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Content Highlights: Corona Virus spreads in China,Novel Corona Virus Outbreak,China pneumonia outbreak,Wuhan coronavirus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented